സീസണിൽ കളിച്ച 10 മത്സരങ്ങളിൽ അഞ്ച് മത്സരവും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ 11 പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. മറ്റു ടീമുകളുടെ മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് കൂപ്പ് കുത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. കളിയാകുമ്പോൾ തോൽവിയും ജയവുമൊക്കെ സ്വാഭാവികമെന്ന് പറയാം. പക്ഷെ, ബ്ലാസ്റ്റേഴ്‌സ് തോറ്റ മത്സരങ്ങളെക്കാൾ വലിയ തോൽവി വെളിവാക്കുന്ന ഒരു കണക്ക് കൂടി പുറത്ത് വരികയാണ്.
സീസണിൽ 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന് ഇത് വരെ ലഭിച്ചത് 51 കോർണർ കിക്കുകളാണ്. എന്നാൽ ഇതിൽ ഒരൊറ്റ ഒന്ന് പോലും ഗോളായില്ല എന്നാണ് ശ്രദ്ധേയം. സെറ്റ് പീസിന് ഒരു പ്രത്യേക പരിശീലകൻ ഉള്ളപ്പോഴാണ് നാണക്കേടിന്റെ ഈ റെക്കോർഡ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.
സീസണിൽ ആദ്യ ക്ലീൻ ഷീറ്റിനായി ഒമ്പത് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കേണ്ടി വന്നത്. ഇനി കോർണറിൽ നിന്നും ഒരു ഗോൾ നേടാൻ എത്ര മത്സരങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് കണ്ട് തന്നെ അറിയണം.
ഫെഡറികോ മൊറൈസ് എന്ന പോർച്ചുഗീസ് സെറ്റ് പീസ് വിദഗ്ധനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് തന്നെ സെറ്റ്പീസുകൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ്. എന്നിട്ടും സെറ്റ് പീസുകളുടെ കാര്യത്തിൽ ടീമിന് യാതൊരു പുരോഗതിയുമില്ല.
സെറ്റ് പീസ് പരിശീലകൻ മാത്രമല്ല, ടീമിന്റെ പ്രധാന പരിശീലനും മറ്റു പരിശീലകരും സെറ്റ് പീസുകളിൽ നിന്ന് ഗോളുകൾ നേടാൻ കഴിയാത്തതിൽ ഉത്തരവാദിയാണ്.