ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ ഹെയ്ത്തി താരമാണ് ബെൽഫോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മൊത്തത്തിൽ കയ്യിലെടുത്തത് ഇദ്ദേഹമായിരുന്നു. ബ്ലാസ്റ്റേഴ്സ് വിട്ടു ജംഷഡ്പൂർ എഫ് സി യിലേക്ക് പോയപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള സ്നേഹം അദ്ദേഹം മനസ്സിൽ വിടാതെ സൂക്ഷിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ കേരളബ്ലാസ്റ്റേഴ്സ് ആരാധകരുമായി അദ്ദേഹം പതിവായി ബന്ധപ്പെടാറുണ്ട്. പോയിട്ട് വർഷങ്ങളായിട്ടും ആരാധകരുമായി ഇപ്പോഴും സംവദിക്കുവാൻ കിട്ടുന്ന അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കാറില്ല.
2016 – 2017 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ സി.കെ. വിനീതിനൊപ്പം ബെൽഫോർട്ടിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബ്ലാസ്റ്റേഴ്സിനായി മൂന്നു ഗോളുകളും നേടിയിട്ടുള്ള താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയർത്തി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബെൽഫോർട്ട് ജംഷഡ്പുരിലേക്കു പോയത്.
ബെൽഫോർട്ട് തിരികെ വരുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്ക് അല്ല പകരം ഇന്ത്യയിലെ പരമ്പരാഗത ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗ് ഐലീഗ് കളിക്കാൻ വേണ്ടിയാണ്. വളരെ ചുരുക്കം കാലംകൊണ്ടുതന്നെ ഇന്ത്യൻ ഫുട്ബോളിലെ പ്രബല ശക്തി ആവാൻ ശ്രമിക്കുന്ന ശ്രീനിധി ഡെക്കാൻ എഫ് സി യിൽ കളിക്കുവാൻ ആണ് അദ്ദേഹം വരുന്നത്.
താരം ഇന്ത്യയിലേക്ക് എന്ന് മടങ്ങി വരും എന്ന കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് തടസ്സങ്ങൾ മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് ക്ലബ്ബ് മാനേജ്മെൻറ് അറിയിക്കുന്നത്.