വമ്പൻ വിമർശനങ്ങളേറ്റു വാങ്ങിയ താരങ്ങൾ പിന്നീട് മികച്ച പ്രകടനം നടത്തി വൻ തിരിച്ച് വരവ് നടത്തിയത് നമ്മളിൽ പലരും കണ്ടതാണ്. റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു നിലനിർത്തിയ യാഷ് ദയാൽ അതിന് ഉദാഹരണമാണ്. ഇത്തരത്തിൽ വമ്പൻ വിമർശനം കേട്ട മുൻ രാജസ്ഥാൻ റോയൽ താരത്തെ മെഗാ ലേലത്തിൽ സ്വന്തമാക്കാനൊരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി ഒരൊറ്റ മത്സരം കളിച്ച് വൻ വിമർശനങ്ങളേറ്റു വാങ്ങിയ യുവതാരം തനുഷ് കൊട്ടിയാനെയാണ് കൊൽക്കത്ത മെഗാ ലേലത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണിൽ രാജസ്ഥാനെ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിലാണ് തനുഷ് കൊട്ടിയാൻ ഐപിഎൽ അരങ്ങേറ്റം നടത്തിയത്. ജോസ് ബട്ട്ലർക്ക് പകരമായാണ് സഞ്ജു തനുഷ് കൊട്ടിയാനെ കളത്തിലിറക്കിയത്. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റോയൽസിനായി ഓപ്പണിങ് ചെയ്ത കൊട്ടിയാൻ പവർ പ്ലേയിൽ സ്ട്രഗ്ഗിൽ ചെയ്യുകയും 31 പന്തിൽ ആകെ 24 റൺസുമാണ് നേടിയത്. ടി20യിൽ അതും പവർ പ്ലേയിൽ ടെസ്റ്റ് രീതിയിൽ ബാറ്റ് ചെയ്ത കൊട്ടിയാനെതിരെ വൻ വിമർശനം ഉയരുകയും ചെയ്തു.
ആ ഒരൊറ്റ മത്സരമാണ് താരം ഐപിഎല്ലിൽ കളിച്ചത്. പിന്നീട് അവസരം ലഭിക്കാത്ത താരം ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലാണ്. ഒക്ടോബറിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തിയ താരം രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി 178 റൺസും 3 വിക്കറ്റും നേടിയിരുന്നു. ബറോഡയ്ക്കെതിരെ മത്സരത്തിൽ 9 വിക്കറ്റുകളും താരം നേടിയിരുന്നു.
ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സാഹചര്യത്തിലാണ് താരത്തെ സ്വന്തമാക്കാൻ കെകെആർ ഒരുങ്ങുന്നത്.