മോശം പ്രകടനം ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധാകർ ക്ലബിനോട് അകലം പാലിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവാണ് ഹൈദരാബാദിനെതിരെയുള്ള അവസാന ഹോം മത്സരത്തിൽ കൊച്ചിയിൽ കളി കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തിൽ വൻ ഇടിവ് സംഭവിച്ചത്. ഇനിയുള്ള ഹോം മത്സരങ്ങളിലും ഈ ഇടിവ് നമ്മുക്ക് കാണാനാവും. മോശം പ്രകടനം മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്.ആ കാരണങ്ങൾ ഒന്ന് പരിശോധിക്കാം..
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ കൊച്ചിയിലെത്തുന്നവരിൽ ഭൂരിഭാഗം ആളുകളും എറണാകുളം ജില്ലയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ മാത്രമല്ല. പ്രധാനമായും മലബാർ ഭാഗത്ത് നിന്നും സംസ്ഥാനത്തിന്റെ താഴെ ഭാഗത്തുള്ള തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ളവരുമുണ്ട്. ഇത്രയും ദൂരത്തിൽ നിന്ന് കൊച്ചിയിൽ മത്സരം കാണാനെത്തുമ്പോൾ ഒന്നിൽ കൂടുതൽ ദിവസം ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടി വരും. കൂടാതെ യാത്ര ചിലവ്, മാച്ച് ടിക്കറ്റ്, ഭക്ഷണം എന്നിവയ്ക്കും നല്ലൊരു തുക ചിലവാകും.
പണം പോയാലും പ്രശ്നമില്ല, പക്ഷെ ഇത്രയും തുകയും സമയവും മുടക്കി കൊച്ചിയിൽ പോയി ബ്ലാസ്റ്റേഴ്സിന്റെ തോൽവി കണ്ട് മടങ്ങേണ്ടി വരുന്നതാണ് ആരാധകരുടെ പ്രശ്‌നം. സമയവും പണവും മുടക്കി ഇഷ്ട ക്ലബ്ബിന്റെ തോൽവി കാണുന്നതിലും നല്ലതല്ലേ, അത്രയും സമയവും പണവും ചിലവാകാത്ത മറ്റു മത്സരങ്ങൾ ആസ്വദിക്കുന്നത്. ഇവിടെയാണ് സൂപ്പർ ലീഗ് കേരളയിലെ ചില പ്രധാന കണക്കുകൾ നമ്മൾ പരിശോധിക്കേണ്ടത്.
സൂപ്പർ ലീഗ് സംഘാടകർ പറയുന്നത് പ്രകാരം സൂപ്പര്‍ ലീഗില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രതീക്ഷിച്ചതിനെക്കാള്‍ കാണികള്‍ മത്സരം കാണാനെത്തിയെന്നാണ്. എന്നാൽ കൊച്ചിയിൽ നിന്നും പ്രതീക്ഷിച്ചത്ര കാണികളില്ലാതെ പോയെന്നും സൂപ്പർ ലീഗ് സംഘടകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അവസാന രണ്ട് കളിക്കും ശരാശരി 9000-ത്തോളം കാണികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ കാണികളുടെ പങ്കാളിത്തം സംഘാടകരെ അമ്പരപ്പിക്കുന്നതാണെന്നുമാണ് റിപ്പോർട്ട്.
മലബാറിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ എത്തുന്നവരിൽ നല്ലൊരു ഭാഗവും അവരുടെ നാട്ടിൽ നടക്കുന്ന സൂപ്പർ ലീഗ് മത്സരങ്ങൾക്ക് പരിഗണന കൊടുത്തു എന്നത് ഈ കണക്കുകളിൽ വ്യക്തമാണ്. ഇപ്പോഴും കൊച്ചിയിലേക്ക് ഈസി ആക്സസ് ഉള്ളവർ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തുന്നത്. അവരിലും നല്ലൊരു ഭാഗം ഇപ്പോൾ ക്ലബിനോട് അകൽച്ചയിലാണ്. ചുരുക്കി പറഞ്ഞാൽ മലബാർ ഏരിയയിലും നിന്നും തലസ്ഥാന ഏരിയയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്സിനെക്കാൾ സൂപ്പർ ലീഗിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയെന്ന് സാരം.
index: mathrbhumi.com