ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലിതുവരെ ഇത്രത്തോളം ആവേശകരമായ ഒരു മത്സരം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ പലർക്കും സംശയം ആയിരിക്കും ഇതിനൊരു ഉത്തരം നൽകുക, കാരണം 80 മിനിറ്റ് വരെ വിരസമായി നീങ്ങിയ മത്സരം അവസാന പത്തു മിനിറ്റിൽ ആവേശത്തിന്റെ പരകോടിയിൽ കയറുകയായിരുന്നു. നായകനും വില്ലനും ഇരുവശത്തും ഒരാൾ തന്നെ ആയ മൽസരം കൂടിയായിരുന്നു ഇത്.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ നായകനും വില്ലനും അവരുടെ ഗോൾകീപ്പർ ആൽബിനോ ആയിരുന്നു എന്നാൽ അതേസമയം മറുവശത്ത് ആഷിക് കുരുണിയൻ ആയിരുന്നു ബാംഗ്ലൂരു എഫ് സിയുടെ നായകനും വില്ലനും. അസാമാന്യമായ മെയ്‌വഴക്കത്തോടെ 83ആം മിനിറ്റിൽ ഗോൾ എന്ന് ഉറപ്പിച്ച ഒരു ഷോട്ട് ആൽബിനോ തടുത്തിട്ടു ഹീറോയായി.
തൊട്ടടുത്ത മിനിറ്റിൽ തന്നെ അദ്ദേഹത്തിൻറെ കയ്യിൽ നിന്നും കളി കൈവിട്ടു പോയി ആഷിക് കുരുണിയൻ തൊടുത്ത നിലം പറ്റിയുള്ള ഒരു ലോങ് ഷോട്ട് കൈപ്പിടിയിൽ ഒതുക്കുന്നതിൽ ആൽബിനോക്ക് പിഴച്ചു അദ്ദേഹത്തിൻറെ കയ്യിൽ നിന്നും വഴുതി നേരെ വരയിലേക്ക് വീണു അതിവേഗം ഹീറോ സീറോയായി.
മറുവശത്ത് നാം കണ്ടതും അതിൻറെ തനിയാവർത്തനം തന്നെയായിരുന്നു ആൽബിനോയെ കബളിപ്പിച്ച ഗോൾ നേടിയ ആഷിക് തൊട്ടടുത്ത നിമിഷം ബ്ലാസ്റ്റേഴ്‌സിന്റെ സിപ്പ്പോവിച്ചു ബോക്സിലേക്ക് തൊടുത്തുവിട്ട ലോങ് സപ്ലെ ക്ലിയർ ചെയ്യുന്നത് പിഴച്ചു സ്വന്തം ഗോൾ വലയിലേക്ക് ബോള് അടിച്ചിട്ടു സെൽഫ് ഗോൾ!!!
ഏതായാലും വ്യത്യസ്ത ഫോർമേഷനുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ തീർത്തും നിരാശപ്പെടുത്തിയില്ല എന്ന് പറയാം. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ നിറഞ്ഞു കളിച്ചത് മുൻ ബംഗളൂരു എഫ്സി താരമായ ഹെർമൻ ജ്യോത് സിങ് ഖബ്ര തന്നെയായിരുന്നു.