ലയണൽ മെസ്സിയുടെ പി എസ് ജി പ്രവേശനത്തിന് തടയിടുവാൻ ബാഴ്സലോണയിലെ അഭിഭാഷകർ ഒരുമിച്ചു കോടതിയെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഫ്രഞ്ച് ക്ലബ്ബിനെക്കാൾ വളരെയധികം സുതാര്യമായ സമീപനമാണ് ബാഴ്സലോണ സ്വീകരിക്കുന്നതെന്നും പിന്നീട് ബാഴ്സലോണക്ക് ഇല്ലാത്ത ആനുകൂല്യങ്ങൾ എന്തുകൊണ്ട് ലഭിക്കുന്നു എന്നതുമാണ് ഇവരുടെ പ്രധാനപ്പെട്ട ചോദ്യം.
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ച് കഴിഞ്ഞാൽ മെസ്സിയെ സൈൻ ചെയ്യാനുള്ള യാതൊരുവിധ അർഹതയും നിലവിൽ ഫ്രഞ്ച് ക്ലബ്ബിന് ഇല്ലെന്നാണ് ബാഴ്സലോണ അഭിഭാഷകരുടെ വാദം. എന്തുതന്നെയായാലും മെസ്സി PSGയിൽ എത്തുവാൻ തീരുമാനിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഏതുവിധേനയും ഇത്തരത്തിലുള്ള നീക്കത്തിനെ അവസാനനിമിഷത്തിൽ എങ്കിലും തടയുവാൻ ആണ് ബാഴ്സലോണ അഭിഭാഷകർ കിണഞ്ഞു ശ്രമിക്കുന്നത്.
2019-20 സീസണിൽ പി എസ് ജിയുടെ വരുമാനത്തിന്റെ 99ശതമാനവും ശമ്പളത്തിനായി ഉപയോഗിച്ചപ്പോൾ ബാഴ്സലോണ തങ്ങളുടെ വരുമാനത്തിന്റെ 54 ശതമാനം മാത്രമാണ് ശമ്പളത്തിനായി വിനിയോഗിച്ചത് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ യുവാൻ ബ്രോങ്കോയുടെ നേതൃത്വത്തിൽ അഭിഭാഷകർ യൂറോപ്യൻ കമ്മീഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
ഫ്രഞ്ച് ക്ലബ്ബിൽ നിലവിൽ കളിക്കുന്നവർ തന്നെ വളരെ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്. അവർക്കൊപ്പം ലയണൽ മെസ്സി കൂടിവരുമ്പോൾ ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ കാറ്റിൽ പറക്കുന്ന ഒരു സമീപനമായിരിക്കും ക്ലബ്ബിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നാണ് ബാഴ്സലോണ അഭിഭാഷകർ ശക്തമായി വാദിക്കുന്നത്.
അതേസമയം ഈ ഒരു പ്രതിസന്ധി മറികടക്കാൻ വേണ്ടി ബദൽ മാർഗങ്ങൾ പാരീസ് സെന്റ് ജർമൻ ക്ലബ്ബ് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഉടൻതന്നെ പത്തോളം താരങ്ങളെ വിറ്റഴിക്കുവാൻ ആണ് ഫ്രഞ്ച് ക്ലബ്ബിൻറെ തീരുമാനം. അതോടെ പ്രതിഫല ബിൽ തങ്ങൾക്ക് മാനേജ് ചെയ്യാവുന്ന അവസ്ഥയിൽ എത്തിക്കാമെന്ന് ഫ്രഞ്ച് ക്ലബ് വിശ്വസിക്കുന്നുണ്ട്.