റിറ്റൻഷനിലും ലേലത്തിലും ആരാധകർക്ക് തൃപ്തി നൽകുന്ന ടീമല്ല രാജസ്ഥാൻ റോയൽസ് സൃഷ്ടിച്ചിരിക്കുന്നത്. ജോസ് ബട്ട്ലർ. അശ്വിൻ, ബോൾട്ട്. ചഹൽ എന്നിവരെ നഷ്ടമാക്കിയ രാജസ്ഥാൻ അതിനൊത്ത മികവുള്ള താരങ്ങളെ ടീമിലേക്ക് കൊണ്ട് വന്നില്ല. കൂടാതെ മത്സരപരിചയം ഉള്ള താരങ്ങളും ബാക്ക് അപ്പ് ഓപ്‌ഷനുകളും രാജസ്ഥാന് കുറവാണ്. ദ്രുവ് ജ്യുറേലിനെ 14 കോടി നൽകി നിലനിർത്തിയതിലും ആരാധകർക്ക് വിയോജിപ്പുണ്ട്. രാജസ്ഥാന്റെ സ്‌ക്വാഡിനെതിരെ വലിയ വിമർശനം ഉയരുമ്പോൾ റോയൽസ് നിരയിലെ ഏറ്റവും മോശം 3 സൈനിംഗുകളും ആരാധാകർ ചൂണ്ടികാട്ടുന്നു. ആ 3 സൈനിംഗുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം…
തുഷാർ ദേശ്പാണ്ഡെ
രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ കാണിച്ച വലിയ മണ്ടത്തരങ്ങളിൽ ഒന്നായാണ് ദേശ്പാണ്ഡയെ ചൂണ്ടിക്കാട്ടുന്നത്. 6.5 കോടിയെന്ന വലിയ തുകയ്ക്ക് സ്വന്തമാക്കിയ ദേശ്പാണ്ടേ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി ശരാശരി പ്രകടനം കാഴ്ച്ച വെച്ചു എന്നത് ശരി തന്നെ.. പക്ഷെ 6.5 കോടിയെന്ന തുകയ്ക്കുള്ള താരമല്ല ദേശ്പാണ്ഡെ. പേഴ്സിൽ വളരെ കുറഞ്ഞ പണവുമായെത്തിയ റോയൽസിന് ദേശ്പാണ്ഡെയയെ അത്ര വലിയ തുകയ്ക്ക് വാങ്ങിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനവും നടത്തിയെങ്കിലും ബൗളിങ്ങിൽ സ്ഥിരത ഇല്ലാത്ത ദേശ്പാണ്ഡെ റൺസ് വഴങ്ങുന്നതിലും മോശക്കാരനല്ല. അതിനാൽ ദേശ്പാണ്ഡെ ലേലത്തിലെ മോശം സൈനിംഗുകളിൽ ഒന്നായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മഹീഷ് തീക്ഷണ
4.4 കൊടുത്ത് സ്വന്തമാക്കിയ തീക്ഷ്ണ എങ്ങനെയാണ് മോശം സൈനിങ്ങാവുന്നത് എന്ന് ചോദിച്ചാൽ അതിനും കാരണമുണ്ട്. ഒരു ഇക്കോണമി ബൗളറായി തീക്ഷ്ണയെ ഉപയോഗിക്കാം. ഐപിഎല്ലിൽ ഇത് വരെ 7.66 ഇക്കോണമിയുള്ള താരം സമീപകാലത്തായി റൺസ് വഴങ്ങുന്നതിൽ ഉഷാറാണ്. പക്ഷെ പ്രശ്‌നം ഇതൊന്നുമല്ല, വളരെ മോശം ഫീല്‍ഡറാണ് ഈ ശ്രീലങ്കക്കാരൻ. ഫീൽഡിങ്ങിന് ഏറെ പ്രാധാന്യമുള്ള ടി20 ഫോർമാറ്റിൽ റോയൽസിന് ഒഴിവാക്കാൻ പറ്റിയ താരമായിരിക്കുന്നു തീക്ഷണ.
ക്വേന മഫാക്ക
ബാക്ക് അപ്പ് ഓപ്‌ഷൻ എന്ന നിലയിൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അടിസ്ഥാന വിലയായ ഒന്നരകോടിക്ക് രാജസ്ഥാൻ എത്തിച്ച 18 കാരനാണ് മഫാക്ക. എന്നാൽ ബാക്ക്അപ്പ് ആയും താരത്തെ ഉപയോഗിക്കാൻ കഴിയുമോ എന്നതാണ് സംശയം. അന്താരാഷ്ട്ര ടി20യിൽ താരത്തിന്റെ ഇക്കോണമി 8.94 ആണ്. ഐപിഎല്ലിലാവട്ടെ 14.83 ഉം. ചുരുക്കി പറഞ്ഞാൽ റൺസ് വിട്ട് കൊടുക്കുന്നതിൽ കേമനെന്ന് സാരം. ജോഫ്രെ ആർച്ചറിന് ബാക്ക്അപ്പായാണ് താരത്തെ റോയൽസ് ടീമിലെത്തിച്ചത് എങ്കിലും ആർച്ചറിന് പരിക്കേറ്റാൽ പിന്നെ രാജസ്ഥാന് പണിയാകും എന്ന് ഉറപ്പാണ്.
ഹസരങ്ക, നിതീഷ് റാണെ, ആകാശ് മദ്ധ്വാൽ, ഫസൽ ഫാറൂഖി, തുടങ്ങിയ മികച്ച സൈനിംഗുകൾ രാജസ്ഥാൻ നടത്തിയെങ്കിലും ഉപയോഗിച്ച തുകയിൽ തന്നെ ഇതിനേക്കാൾ മികച്ച താരങ്ങളെ രാജസ്ഥാന് വാങ്ങിക്കാമായിരുന്നു എന്നത് വാസ്തവമാണ്.