സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അർജന്റീന ഇറങ്ങുകയാണ്. ഇന്ത്യൻ സമയം സെപ്റ്റംബർ ആറ് വെള്ളിയാഴ്ച പുലർച്ചെ 5;30 നാണ് മത്സരം. അർജന്റീനയുടെ തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ചിലിയാണ് എതിരാളികൾ. നിലവിൽ സൗത്ത് അമേരിക്കൻ യോഗ്യത പോരാട്ടങ്ങളിൽ ആറു മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു സമനിലയുമായി 15 പോയിന്റോടെ അർജന്റീന ഒന്നാമതാണ്.
വെള്ളിയാഴ്ച അർജന്റീന ഇറങ്ങുമ്പോൾ അവർക്ക് പുതിയ നായകൻ കൂടിയുണ്ടാവും. പരിക്കിനെ തുടർന്ന് നായകൻ ലയണൽ മെസ്സി സെപ്റ്റംബറിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ കളിക്കുന്നില്ല. ഇതോടെയാണ് അർജന്റീനയ്ക്ക് പുതിയ നായകൻ എത്തുന്നത്.
നായക സ്ഥാനത്തേക്ക് 4 പേരെയാണ് പരിശീലകൻ ലയണൽ സ്കലോണി പരിഗണിക്കുന്നത്. മധ്യനിര താരം ഡി പോൾ, ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ്, പ്രതിരോധ താരങ്ങളായ ക്യൂട്ടി റോമെറോ, ലിസാന്ദ്ര മാർട്ടിൻസ് എന്നിവരെയാണ് സ്കലോണി പരിഗണിക്കുന്നതെന്നാണ് റിപോർട്ടുകൾ.
എന്നാൽ ഇതിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീൻസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. പല നിർണായക ഘട്ടത്തിലും ടീമിനെ രക്ഷിച്ച താരം കൂടിയാണ് എമിലിയാനോ മാർട്ടിൻസ് എന്ന ആരാധകരുടെ സ്വന്തം ദിബു മാർട്ടിൻസ്.
ഡിബാലയ്ക്ക് പിന്നാലെ മറ്റൊരു വെറ്ററനെ കൂടി തിരിച്ച് വിളിച്ച് സ്കലോണി
നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് യോഗ്യത അർജന്റീനയ്ക്ക് എളുപ്പമാണെങ്കിലും ചിലിക്കെതിരെയുള്ള മത്സരം പരാജയപ്പെട്ടാൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. കാരണം ആറു മത്സരങ്ങളിൽ 13 പോയിന്റുമായി ഉറുഗ്വേ അർജന്റീനയ്ക്ക് തൊട്ട്പിന്നാലെയുണ്ട്. അതിനാൽ ചിലിക്കെതിരെ അർജന്റീയ്ക്ക് നിർണായകമാണ്.