മുൻപൊരു തവണ ആരാധകരുടെ പ്രതിഷേധ പ്രകടങ്ങൾ കാരണം മാറ്റിവച്ച ലിവർപൂൾ മത്സരം ഇന്നും ആരാധകരുടെ അതിരു കവിഞ്ഞ പ്രതിഷേധം കാരണം മാറ്റിവെക്കും എന്നനിലയിൽ എത്തിയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ലിവർപൂൾ ബസ് തടഞ്ഞു വച്ച നടപടി തീർത്തും അപലപനീയമായിരുന്നു. ലിവർപൂൾ ആരാധകർ റയൽ മാഡ്രിഡ് ബസിന് കല്ലെറിയുകയും ഗ്ലാസ് തല്ലിപൊളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിഥികളായി ഓൾഡ് ട്രാഫോഡിലെത്തിയ ലിവർപൂൾ ടീമിനെതിരായ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം നീതികരിക്കാനാവാത്തതായിരുന്നു.
സമീപ കാലത്തേ എറ്റവും ശക്തമായ സ്റ്റാർട്ടിങ് ഇലവൻ തന്നെയാണ് യുണൈറ്റഡ് ലിവർപൂളിനെതിരെ അണിനിരത്തിയത്. ഗോൾ വല കാക്കാൻ ഹെൻഡേഴ്സൻ പ്രതിരോധ നിരയിൽ വാൻ ബിസ്കാ,ലിന്റെലോഫ്, പരിക്കേറ്റ ഹാരി മിഗ്വയിറിന്റെ അഭാവം നികത്താൻ ബൈലിയും ഇടത് വിങ് ബാക്കിൽ ലൂക്ക് ഷായും. ഡിഫൻസീവ് മിഡിൽ മാക്ടോമിനെ ഫ്രെഡ് കോമ്പിനേഷനിലും മാറ്റം വരുത്താൻ ഒലെ തയാറല്ലായിരുന്നു. മുന്നേറ്റ നിരയിൽ റാഷ്ഫോഡ് പോഗ്ബ ബ്രൂണോ ത്രയവും സ്‌ട്രൈക്കർ ആയി കവാനിയും.
ടോപ്പ് 4 ലും തുടർന്ന് UCL സ്ഥാനവും ഉറപ്പിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ കൂടി പറ്റാതിരുന്ന ലിവർപൂൾ ഡിയാഗോ ജോട്ടേ, റോബർട്ട് ഫിർമിനൊ, മുഹമ്മദ് സാല മുന്നേറ്റ നിരയുമായി നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ കളിയുടെ ഗതിക്കു വിപരീതമായി യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിലൂടെ ആദ്യഗോൾ കണ്ടെത്തി.
ഗോൾ വീണതോടെ ഉണർന്നു കളിച്ച ലിവർപൂൾ ഡിയാഗോ ജോട്ടേയുടെ സുന്ദര നീക്കത്തിനൊടുവിൽ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫിർമിനൊയുടെ ഗോളിൽ ലീഡെടുത്ത ലിവർപൂൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫിർമിനൊയുടെ തന്നെ രണ്ടാം ഗോളിൽ ലീഡ് ഉയർത്തി യുണൈറ്റഡിന്റെ പതിവ് രണ്ടാം പകുതിയിലെ തിരിച്ചു വരവിനു തടയിട്ടു.
ഫ്രഡിന്റെ പിഴവുകളും മക്‌ടോമിനോയുടേ മിസ് പാസുകളും ഇവിടെ എടുത്തു പറയേണ്ടതാണ്. കവാനിയുടെ അസ്സിസ്റ്റിൽ നിന്നും യുണൈറ്റഡ് രണ്ടാം ഗോൾ റാഷ്ഫോഡിലൂടെ കണ്ടെത്തിയെങ്കിലും ഏഴോളം ഷോട്ടുകൾ ബ്ലോക്ക് ചെയ്ത അലിസൺ ബെക്കറുടെയും ലിവർപൂൾ ഡിഫൻഡർമാരുടെയും വിയർപ്പിൽ കെട്ടിപ്പൊക്കിയ പ്രതിരോധക്കോട്ട മറികടന്ന് സമനില ഗോൾ കണ്ടെത്താൻ യുണൈറ്റഡ് പാടുപെടുന്ന കാഴചയാണ് കാണാനായത്.
90ആം മിനുട്ടിൽ മുഹമ്മദ് സാലയുടെ മികച്ച ഒരു റണ്ണിലൂടെ തങ്ങളുടെ നാലാം ഗോളും കണ്ടെത്തി ലിവർപൂൾ യുണൈറ്റഡിന്റെ പതനം പൂർത്തിയാക്കി. അടുത്ത കളിയിൽ യുണൈറ്റഡ് ഫുൾഹാമിനെയും ലിവർപൂൾ വെസ്റ്റ്ബ്രോമിച്ചിനെയും നേരിടും.