യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ നേടാൻ കഴിയാത്ത ക്ലബ്ബാണ് പാരിസ് സെന്റ് ജർമയിൻ. കഴിഞ്ഞ വർഷങ്ങളിൽ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിന് അടുത്ത് എത്താൻ പാരീസ് സെന്റ് ജെർമെയ്ന് കഴിഞ്ഞിട്ടുണ്ട്.
നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവരെ മുന്നിൽ നിർത്തി കൊണ്ട് കഴിഞ്ഞ രണ്ട് സീസണുകളിലും പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ എത്തിയിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ PSG-ക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുമ്പോൾ PSG-യുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ആവേശം പകരുന്ന വാക്കുകളാണ് PSG-യുടെ ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെ നൽകിയത്.
നിലവിൽ ഈ സീസൺ കഴിയുന്നതോടെ PSG-യുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെക്ക് PSG ക്ലബ് പുതിയ കരാർ നൽകാൻ പൂർണ്ണമായും തയ്യാറാണെങ്കിലും എംബാപ്പെ PSG വിട്ടുകൊണ്ട് റിയൽ മാഡ്രിഡിലെത്തുമെന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്പിൽ ഞങ്ങൾക്ക് ഒരു നിശ്ചിത സ്ഥിരതയുണ്ടെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിൽ ഫൈനലിലും സെമിഫൈനലിലും ഞങ്ങൾ എത്തി. എന്നാൽ അതിലൊന്നും ഞങ്ങൾ പൂർണ്ണമായും തൃപ്തരല്ല. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ ക്ലബ്ബിനെ മുൻപില്ലാത്ത ഉയരങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ എത്തിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ PSG-ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മത്സരാർത്ഥികളാണ്, നിങ്ങൾ ഒരു മത്സരാർഥിയാണെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ” – എന്നാണ് എംബാപ്പെ പറഞ്ഞത് .
അർജന്റീന നായകൻ ലയണൽ മെസ്സിയെ കഴിഞ്ഞ സമ്മറിൽ ബാഴ്സയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ PSG പാരിസിലെത്തിച്ചതിന് പിന്നാലെ ചാമ്പ്യൻസ് ലീഗ് നേടാനുള്ള പിഎസ്ജിയുടെ സാധ്യത വളരെയധികം ഉയർന്നു കാണുന്നു. കൂടാതെ, ചാമ്പ്യൻസ് ലീഗിന്റെ രാജാവായ റിയൽ മാഡ്രിഡിനൊപ്പം നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള മുൻ റിയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനെയും PSG കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസഫറിൽ സ്വന്തമാക്കിയിരുന്നു.
എന്തായാലും, PSG-യുടെ സൂപ്പർ താരനിരക്ക് PSG-യുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിൽ എത്തിക്കാൻ കഴിയുമോയെന്ന് കാത്തിരുന്നു കാണാം. നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പാരിസ് സെന്റ് ജർമയിൻ.