സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അർജന്റീനൻ ടീം ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ സമയം സെപ്റ്റംബർ ആറിന് രാവിലെ 5;30 നാണ് ചിലിക്കെതിരെയുള്ള അർജന്റീനയുടെ മത്സരം. നിലവിൽ സൗത്ത് അമേരിക്കൻ യോഗ്യത പോരാട്ടങ്ങളിൽ ആറു മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു സമനിലയുമായി 15 പോയിന്റോടെ അർജന്റീന ഒന്നാമതാണ്.
നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് യോഗ്യത അർജന്റീനയ്ക്ക് എളുപ്പമാണെങ്കിലും ചിലിക്കെതിരെയുള്ള മത്സരം പരാജയപ്പെട്ടാൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. കാരണം ആറു മത്സരങ്ങളിൽ 13 പോയിന്റുമായി ഉറുഗ്വേ അർജന്റീനയ്ക്ക് തൊട്ട്പിന്നാലെയുണ്ട്. അതിനാൽ ചിലിക്കെതിരെ അർജന്റീയ്ക്ക് നിർണായകമാണ്. ഇതിനിടയിൽ അർജന്റീന ടീമിനെ കുറിച്ചുള്ള അപ്‌ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ് പ്രമുഖ അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ ഗസ്റ്റോൺ എഡ്യുൾ.
ഗസ്റ്റോൺ എഡ്യുളിന്റെ റിപ്പോർട്ട് പ്രകാരം മെസ്സിയും ഡി മരിയയും ഇല്ലാത്ത സാഹചര്യത്തിൽ പകരക്കാരായി രണ്ട് യുവതാരങ്ങൾ ചിലിക്കെതിരെ സ്റ്റാർട്ട് ചെയ്യുമെന്നാണ്. ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗതാരോ മാർട്ടിനസ്, അത്ലറ്റികോ മാഡ്രിഡ് മാത്രം ജൂലിയൻ അൽവാരസ് എന്നിവരായിരിക്കും ചിലിക്കെതിരെയുള്ള മത്സരത്തിൽ ടീമിന്റെ മുന്നേറ്റനിരയിൽ കളിക്കുക എന്നാണ് എഡ്യുൾ പങ്ക് വെയ്ക്കുന്നത്.
4-4-2 എന്ന ഫോർമേഷനാണ് സമീപകാലത്തായി പരിശീലകൻ ലയണൽ സ്കലോണി ഉപയോഗിക്കുന്നത്. ഈ ഫോർമേഷനിൽ രണ്ട് മുന്നേറ്റ താരങ്ങൾ എന്ന നിലയിൽ ജൂലിയൻ അൽവാരസിനെയും ലൗതാരോ മാർട്ടിനസിനെയും സ്കലോണി ചിലിക്കെതിരെ ആദ്യഇലവനിൽ ഇറക്കും.
പരിക്ക് കാരണമാണ് മെസ്സി യോഗ്യത മത്സരങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ചതിയോടെ ഡി മരിയയും ടീമിലില്ല. ഈ സാഹചര്യത്തിലാണ് പുതിയ ജോഡികളെ സ്കലോണി പരീക്ഷിക്കുന്നത്.