മാഞ്ചസ്റ്റർ: താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്കിന് വിട ചൊല്ലി യുണൈറ്റഡ്. ടീമിന്റെ മോശം പ്രകടനം കാരണം പുറത്താക്കപ്പെട്ട ഒലെ സോൾഷ്യറിന്റെ പകരക്കാരനായി താൽകാലികമായി നിയമിക്കപ്പെട്ട കാരിക്കിന്റെ കീഴിൽ യുണൈറ്റഡ് കളിച്ചത് നിർണ്ണായകമായ മൂന്ന് മത്സരങ്ങളായിരുന്നു. അതിൽ ഒന്നിൽ പോലും യുണൈറ്റഡ് തോൽവി അറിഞ്ഞിട്ടില്ല. മൂന്നിൽ രണ്ട് വിജയവും ഒരു സമനിലയും. നിലവിൽ മികച്ച ഫോമിലുള്ള ചെൽസിയെ സമനിലയിൽ തളച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ വിയ്യാ റയലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്.
ഇന്നലത്തെ മത്സരത്തിൽ ആർസലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ തന്റെ മേൽ ഏൽപ്പിക്കപ്പെട്ട ധൗത്യം പൂർണ്ണമായും പൂർത്തിയാക്കാൻ കാരിക്കിന് സാധിച്ചു. കാരിക്കിന്റെ വിടചൊല്ലൽ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് വിഷമമുള്ള കാര്യമാണെങ്കിലും കാരിക്കിന് പകരം യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ചുമതലയേൽക്കുന്ന റാൾഫ് റാഗ്നിക്ക്കിന്റെ സാന്നിധ്യം ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
പ്രെസ്സിങ് ഫുട്ബാളിന്റെ ആചാര്യനെന്നും പരിശീലകന്മാരുടെ പരിശീലകനെന്നും വിളിപ്പേരുള്ള റാഗ്നിക്ക് ചെൽസി പരിശീലകൻ ടുഷേൽ, ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തുടങ്ങിയവരുടെ ഗുരുവായിട്ടാണ് കണക്കാക്കപെടുന്നത്. റാഗ്നറിന്റെ വരവ് യുണൈറ്റഡ് ടീമിനെ സംബന്ധിച്ച് എത്രത്തോളം വിജയകരമായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ഫുട്ബാൾ ലോകം.
ഇന്നലത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി കാണാൻഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലും റാഗ്നിക്ക് ഉണ്ടായിരുന്നു.ഇന്നലെ യുണൈറ്റഡ് ജയിച്ചതും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിൽ ആയിരുന്നു എന്നതും റാഗ്നിക്കിന് പ്രതീക്ഷ നൽകി എന്നുള്ളത് ഏറെ ഉറപ്പുള്ള കാര്യമാണ്.
എന്നിരുന്നാലും പ്രതിരോധത്തിലെ ചില പാളിച്ചകൾ കൂടി പരിഹരിച്ചാൽ മാത്രമേ യുണൈറ്റഡിന്റെ തലവേദന പരിപൂർണ്ണമായി പരിഹരിക്കാൻ റാഗ്നിനിക്കിന്മാ സാധിക്കുകയുള്ളൂ. ഗോൾ കീപ്പർ ഡേവിസ് ഡെഹിയ മികച്ച ഫോമിലാണെങ്കിലും പ്രതിരോധ താരവും ക്യാപ്റ്റനുമായ മഗൈർ ഫോം നിലനിർത്താതും ഈ സീസണിൽ ടീമിലെത്തിയ മുൻ റയൽ ഡിഫെൻഡർ വരാനെ പരുക്കിന്റെ പിടിയിലായതും യുണൈറ്റഡ് പ്രതിരോധത്തെ തളർത്തുന്നു. ആഴ്സണലിനെതിരെ ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിൽ യുണൈറ്റഡ്.