രഞ്ജി ട്രോഫിയിലെ ഗംഭീര പ്രകടനത്തെ തുടർന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വരാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനൊരുങ്ങി മുഹമ്മദ് ഷമി. താരം വരും ദിവസങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.
നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ 2024-25 പതിപ്പിനുള്ള ഇന്ത്യയുടെ 18 അംഗ ടീമിൽ ആദ്യം 34 കാരനായ ഷമിയെ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രഞ്ജി ട്രോഫിയിൽ ബംഗാളിനായി മധ്യപ്രദേശിനെതിരെ ഇൻഡോറിൽ നടന്ന മത്സരത്തിൽ 40 ഓവറിലധികം പന്തെറിഞ്ഞ് തന്റെ ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ഷമിക്ക് ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് ലഭിച്ചത്.
താരം മധ്യപ്രദേശിനെതിരെ രണ്ട് ഇന്നിങ്സിൽ നിന്ന് ഏഴ് വിക്കറ്റും 39 റൺസും നേടിയിട്ടുണ്ട്. അതോടൊപ്പം താരത്തിന്റെ മികവിൽ ബംഗാൾ മധ്യപ്രദേശിനെ 11 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. താരം ഓസ്ട്രേലിയയിലേക്ക് പോകുവെങ്കിലും പെർത്തിലെ മത്സരത്തിന് ശേഷമേ ഷമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുകയുള്ളു.
താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം പിടിക്കാത്തത്. എന്നാൽ ഇപ്പോൾ, വിജയകരമായ തിരിച്ചുവരവ് നടത്തി, തന്റെ ഫിറ്റ്നസും പരിക്കും സംബന്ധിച്ച സംശയങ്ങൾ മാറ്റിവെച്ച ശേഷം, ഷമി വീണ്ടും ഇന്ത്യയ്ക്കായി കളിക്കാൻ ഒരുങ്ങുകയാണ്.