എല്ലാ സീസണിലേത് പോലെ മികച്ച സ്‌ക്വാഡാണ് ഇത്തവണയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനുള്ളത്. എന്നാൽ ഇത്തവണ അവർക്ക് ചെറിയൊരു പ്രശ്നമുള്ളത് ഡിഫൻസിലാണ്. അൻവർ അലിയെ നഷ്ടപ്പെട്ടതിന് ശേഷം മികച്ച ഇന്ത്യൻ സെന്റർ ബാക്കിന്റെ അഭാവം അവർക്കുണ്ട്. നിലവിൽ രണ്ട് വിദേശ സെന്റർ ബാക്കുകളെ ഇറക്കിയാണ് അവർ ഇറങ്ങുന്നത്. അതിനാൽ മുന്നേറ്റ നിരയിൽ ദിമി പെട്രോസിനും ജേസൺ കമ്മിൻസിനും പലപ്പോഴായും ബെഞ്ചിലിരിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രശ്‌നത്തിന് ഒരു ശ്വാശത പരിഹാരം കണ്ടെത്താനുള്ള നീക്കത്തിലാണ് ബഗാൻ.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഇന്ത്യൻ സെന്റർ ബാക്കിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബഗാൻ. യുവ പ്രതിരോധതാരത്തെ ടീമിലെത്തിച്ച് ഒരു ദീർഘകാല പദ്ധതിയാണ് ബഗാൻ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ബഗാന്റെ ഈ നീക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്ന് കരുതിയിരിക്കേണ്ടതുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ താരം റുയിവ ഹോർമിപാമിനെ പലപ്പോഴും ബഗാൻ നോട്ടമിട്ടിരുന്നു. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോയിലും ഹോർമിപാമിന് വേണ്ടി അവർ ശ്രമം നടത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഒരു തരത്തിലും താരത്തെ വിട്ട് കൊടുക്കാൻ തയാറായിരുന്നില്ല.
ജനുവരിയിൽ ബഗാൻ പുതിയ ഇന്ത്യൻ സെന്റർ ബാക്കിനെ ലക്ഷ്യം വെയ്ക്കുമ്പോൾ കണ്ണുകൾ വീണ്ടും ഹോർമിയിൽ പതിയുമെന്ന് ഉറപ്പാണ്. ഇത് വരെ താരത്തെ വിട്ട് കൊടുക്കാതെ ബ്ലാസ്റ്റേഴ്‌സ് പുതിയ സാഹചര്യത്തിൽ മറിച്ചൊരു നീക്കം നടത്തുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.
ഏതായാലും ബഗാൻ ജനുവരിയിൽ ഹോർമിക്കായി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വാതിൽ മുട്ടുമെന്ന് ഉറപ്പാണ്. ബ്ലാസ്റ്റേഴ്‌സ് എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.