കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ജോർഹെ പെരേര ഡയസ് തങ്ങളുടെ ടീമിന് വേണ്ടി കളിക്കാൻ തയ്യാറാണെന്നും, താരം മത്സരത്തിന് ലഭ്യമാണെന്നും സൂചിപ്പിച്ച് മുംബൈ സിറ്റി എഫ്സി പരിശീലകനായ ഡെസ് ബക്കിങ്ഹാം.
സീസണിൽ ഡ്യൂറണ്ട് കപ്പിനിടെ പരിക്കേറ്റ ഡയസ് പിന്നീട് ഐഎസ്എൽ മത്സരത്തിലാണ് മുംബൈ സിറ്റി ജേഴ്സിയിൽ കളത്തിലെത്തുന്നത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഡയസിന് കൂടുതൽ കളിസമയം പരിശീലകൻ നൽകിയിരുന്നില്ല, ഇതിനെ കുറിച്ച് പ്രെസ്സ് കോൺഫെറെൻസിൽ ചോദ്യം നേരിട്ട ഡെസ് ബക്കിങ്ഹാം വ്യക്തമായ മറുപടിയും നൽകി.
“ഡയസ് ഒരു മികച്ച കളിക്കാരനാണ്, കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ നിങ്ങൾ അത് കണ്ടതാണ്. ഞങ്ങൾക്കുള്ള മറ്റ് അഞ്ച് വിദേശ കളിക്കാരുമായി അദ്ദേഹം വളരെ നന്നായി പൊരുത്തപ്പെടുന്നുണ്ട്, ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ
ഡയസ് തുടങ്ങിയിരുന്നു.”
“ഡ്യൂറണ്ട് കപ്പിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റു, നിർഭാഗ്യവശാൽ അത് നോക്കൗട്ട് സ്റ്റേജിൽ തന്നെ ഡയസിനെ പുറത്തിരുത്തുന്നതിനു കാരണമായി. എന്നിരുന്നാലും ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ഡയസിനെ ഞങ്ങൾ കളത്തിലിറക്കി.”
“ഡയസ് ഫിറ്റാണ്, ഡയസ് കളിക്കാൻ തയ്യാറാണ്, ഞങ്ങൾ കൊണ്ടുവന്നതും യാത്ര ചെയ്തതുമായ എല്ലാ താരങ്ങളെയും പോലെ. ഡയസ് ഞങ്ങളുമായി എങ്ങനെ ഇണങ്ങിച്ചേർന്നു എന്നത് നോക്കുമ്പോൾ അത് ഡയസ് ഏത് തരത്തിലുള്ള കളിക്കാരനാണ് എന്നത് കാണിക്കുന്നു. അദ്ദേഹം വളരെ നല്ല വ്യക്തിയും ഒരു നല്ല കളിക്കാരനുമാണ്.” – ഡെസ് ബക്കിങ്ഹാം പറഞ്ഞു.
അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.