in

തല നരച്ചു തുടങ്ങിയത് IPL ക്യാപ്റ്റന്‍സി കാരണം എന്ന് രാഹുൽ, പൊട്ടിച്ചിരിച്ച് പഞ്ചാബിന്റെ ‘പുതിയ’ ക്യാപ്റ്റൻ – വീഡിയോ

ലോകേഷ് രാഹുൽ – മയാങ്ക് അഗർവാൾ ഓപണിങ് ജോഡി വീണ്ടും ഒന്നിക്കുകയാണ് – ഇത്തവണ ബോക്സിംഗ് ഡേ ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയെ നേരിടുന്ന ഇന്ത്യൻ ടീമിന് വേണ്ടി ആണ് ഇരുവരും ഇറങ്ങുക. മത്സരത്തിന് മുന്നോടിയായി ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന ചെറു വീഡിയോ ബിസിസിഐ പുറത്തുവിട്ടു – വീഡിയോയിൽ IPL ക്യാപ്റ്റന്‍സിയെ കുറിച്ചും ചർച്ച വരുന്നുണ്ട്. രസകരമായ സംഭാഷണം കാണാം..

സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓപണർമാരുടെ റോൾ വഹിക്കുന്നത് ലോകേഷ് രാഹുൽ – മയാങ്ക് അഗർവാൾ ജോഡിയാണ്. നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായ ഇരുവരും ബോക്സിംഗ് ഡേ ടെസ്റ്റുകളിൽ ആണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2014 ൽ അരങ്ങേറ്റം നടത്തിയ രാഹുലിനും 2018 ൽ അരങ്ങേറ്റം നടത്തിയ മയാങ്കിനും അരങ്ങേറ്റ മത്സരങ്ങൾ മികച്ചതായിരുന്നില്ല.  2019 ലെ വിൻഡീസ് പര്യടനത്തിന് ശേഷം ആദ്യമായി ആണ് ഇന്ത്യക്കായി ഇരുവരും ഒരുമിച്ച് ഓപൺ ചെയ്യാൻ എത്തുന്നത്.

26 ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് ലോകേഷ് രാഹുൽ തന്റെ IPL ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുന്നത്. പഞ്ചാബ് കിങ്സിൽ തന്റെ സഹ – ഓപണർ കൂടി ആയിരുന്ന മയാങ്ക് ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്തങ്ങൾ നരക്ക് കാരണം ആവുമോ എന്ന് ചോദിക്കുമ്പോള്‍ ആണ്, ഇപ്പോൾ എനിക്ക് നര വന്നു തുടങ്ങി, പക്ഷെ അത് IPL ക്യാപ്റ്റന്‍സി കാരണം ആണ് എന്ന് മറുപടി നൽകുന്നത്. ഇത് കേട്ടപ്പോൾ പൊട്ടിച്ചിരിക്കുന്ന മയാങ്കിനേയും വീഡിയോയിൽ കാണാം.

2020 സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രവി അശ്വിനെ മാറ്റാൻ തീരുമാനിച്ചതോടെ ആണ് ടീമിലെ ഏറ്റവും മികച്ച പ്ലയർ ആയിരുന്ന രാഹുലിന് നായക സ്ഥാനം കിട്ടിയത്. പക്ഷേ ക്യാപ്റ്റന്‍ ആയിരുന്ന രണ്ട് സീസണുകൾ രാഹുലിന് പരീക്ഷണ കാലഘട്ടം ആയിരുന്നു. തീരെ ബാലൻസ് ഇല്ലാതിരുന്ന സ്ക്വാഡും പരിശീലന സംഘത്തിന്റെ പൊട്ടൻ തീരുമാനങ്ങളും ക്യാപ്റ്റന്‍ എന്ന നിലക്ക് രാഹുലിന്റെ പരിചയക്കുറവും എല്ലാം ചേർന്ന് ടീമിന്റെ പ്രകടനങ്ങൾ പഴേ പടി തുടർന്നു. ഇത് രാഹുലിന്റെ ബാറ്റിങ് പ്രകടനങ്ങളേയും നന്നായി തന്നെ ബാധിച്ചു.

2022 IPL സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളാണ് മയാങ്ക്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടിട്വന്റി പ്ലയർസിൽ ഒരാളായ ക്യാപ്റ്റന്‍ ലോകേഷ് രാഹുൽ ടീം മാറാൻ തീരുമാനം എടുത്തതോടെ ആണ് ഒന്നാമൻ ആവാൻ മയാങ്കിന് നറുക്ക് വീണത്. 14 കോടി രൂപ എന്ന വലിയ തുകക്ക് നിലനിർത്തപ്പെട്ട മയാങ്ക് വരുന്ന സീസണുകളിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വരുമ്പോൾ പരിക്കുകൾ കാരണം പുറത്തായ രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരുടെ അഭാവം ആണ് രാഹുൽ – മയാങ്ക് ജോടിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഇന്ത്യൻ മണ്ണിൽ അസാധ്യ മികവ് തുടരുന്ന മയാങ്കിന് ഓവർസീസ് പ്രശ്നങ്ങളെ മറികടക്കാനുള്ള അവസരമാണ് ഇത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്ഥിര ഓപണർ രോഹിത് ശർമ തിരികെ എത്തുമ്പോൾ ഒരാൾ പുറത്തേക്ക് പോവേണ്ടി വരും എന്ന തിരിച്ചറിവ് ഇരുവർക്കും ഉണ്ടാവും, മികച്ച പ്രകടനങ്ങൾ നിലനിൽപ്പിന് അനിവാര്യമാണ്.

ഒന്നിലും ശ്രദിക്കാത്തവരാണ് PSG ടീമിലുള്ളവരെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌…

ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസിന് DNA നഷ്ടപ്പെട്ടു, കാരണം വ്യക്തമാക്കി ബഫൺ