സൂപ്പർ താരം നെയ്മർ നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിനായാണ് കളിക്കുന്നത്. എന്നാൽ അടുത്ത വർഷം മെയ് മാസത്തോടെ കൂടി ഈ കരാർ അവസാനിക്കും. ഹിലാലിന് താരത്തെ നിലനിർത്താനും ആഗ്രഹമില്ല. ഇതോടെ താരം അടുത്ത സമ്മറിൽ സൗദി വിടുമെന്ന് ഉറപ്പാണ്. എന്നാൽ ഹിലാൽ വിടുന്ന താരത്തെ സ്വന്തമാക്കാൻ താരത്തിന്റെ പഴയ ക്ലബ് ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
സ്പാനിഷ് മാധ്യമമായ ഡയരിയോ എഎസ്സിന്റെ റിപ്പോർട്ട് പ്രകാരം അടുത്ത വർഷം ജൂണിൽ ഫ്രീ ഏജന്റ് ആവുന്ന താരത്തെ സ്വന്തമാക്കാൻ താരത്തിന്റെ ആദ്യ കാല ക്ലബായ സാന്റോസിന് താൽപര്യമുണ്ടെന്നാണ്. നെയ്മറുടെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത് സാന്റോസിൽ നിന്നാണ്. സാന്റോസിൽ നിന്നാണ് താരം ബാഴ്‌സയിലെത്തുന്നത്.
നെയ്മറെ സ്വന്തമാക്കാൻ സാന്റോസിന് ആഗ്രഹമുണ്ടെന്നും ക്ലബ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതുമായാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേ സമയം, നെയ്മറെ ഇന്റർ മിയാമിലെത്തിക്കാൻ മെസ്സിക്ക് അതിയായ താൽപര്യമുണ്ട്. നെയ്മറുടെ അടുത്ത സുഹൃത്ത് കൂടിയാണ് മെസ്സി. അതിനാൽ മെസ്സി മിയമിക്കായി ഇടപെടൽ നടത്തുന്നത് സാന്റോസിന് വെല്ലുവിളിയാണ്.
ആദ്യ കാല ക്ലബ് വേണോ, അതോ സുഹൃത്തായ മെസ്സി വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് നെയ്മറാണ്.