അപ്രതീക്ഷിതമായി വന്ന കനത്ത ഇടിയും മഴയും കേരള തീരത്തെ മുഴുവൻ കുളിർപ്പിച്ച രാവിൽ , പക്ഷേ അങ്ങകലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഇന്ത്യൻ ഡ്രസ്സിങ്ങ് റൂമിൽ രാത്രി പത്തര മണിയോടടുപ്പിച്ച് ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു.
നിദാഹാസ് ട്രോഫിയുടെ ഫൈനലിൽ, രണ്ട് ഓവർ കൂടി കഴിഞ്ഞാൽ ഒരുപക്ഷേ, അല്ല ഏറെക്കുറെ ബംഗ്ലാദേശിന്റെ ആ കോബ്രാ ഡാൻസ് കാണാം. കൂട്ടത്തിൽ തല താഴ്ത്തി മടങ്ങുന്ന രണ്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാരേയും, കൂടെ നിരാശരായ ആരാധകരെയും…..
മുസ്താഫിസുർ റഹ്മാൻ എറിഞ്ഞ പതിനെട്ടാം ഓവർ അത്രയേറെ നാശം വിതച്ചിരിക്കുന്നു. തുടക്കക്കാരൻ വിജയ് ശങ്കറിന്റെ പരിഭ്രമം മുതലാക്കി അയാൾ ആദ്യ നാലു പന്തും റൺ വഴങ്ങാതെ തകർത്തെറിഞ്ഞു. ഓരോ ഡോട്ട്ബാളും പ്രോത്സാഹിപ്പിച്ച് മുൻ കാപ്റ്റൻമാരായ മുഷ്ഫിക്കർ റഹിമും മഹ്മുദുള്ളയും ക്യാപ്റ്റൻ ഷക്കീബും ഫീൽഡിൽ നിറഞ്ഞു നിൽക്കുന്നു.
അഞ്ചാം പന്തിൽ സ്ട്രൈക്ക് മാറ്റിയതിന് ഒരു പക്ഷേ ഇന്ത്യൻ ടീം വിജയ് ശങ്കറിനേക്കാളേറെ മുസ്താഫിസ് നോട് നന്ദി പറഞ്ഞിട്ടുണ്ടാവും. 13 പന്തിൽ ജയിക്കാൻ 33 എന്ന , തോൽവി ഉറപ്പായ ഘട്ടത്തിൽ അടുത്ത രണ്ടോവർ നേരിടാൻ ദിനേഷ് കാർത്തികിന് അവസരം കൊടുത്തതിന്.
എന്തായിരിക്കും ക്രീസിൽ വന്നയുടൻ തല താഴ്ത്തി ഇരുന്ന് അയാൾ ചിന്തിച്ചത്? എന്തു സമ്മർദ്ദമായിരിക്കും അയാളുടെ സിരകളിലൂടെയും തലച്ചോറിലൂടെയും ഓടിയത്? പതിനാലു വർഷം കാത്തിരുന്ന അവസരം ഇതാണെന്നോ? ഈ 12 പന്തുകൾ തന്നെ രാജ്യത്തിന്റെ വീരനായകൻ ആക്കിയേക്കാമെന്നോ? ധോണിക്കു പിന്നിൽ എന്നും രണ്ടാമൂഴം കാത്തു നിന്ന പതിന്നാലു വർഷങ്ങളുടെ ഓർമകൾ മിന്നി മറഞ്ഞിട്ടുണ്ടാവാം ആ മനസ്സിൽ. അവിശ്വസനീയമായത് സംഭവിപ്പിക്കാനുള്ള ധൈര്യം സംഭരിക്കുകയായിരിക്കാം അയാളപ്പോൾ.
19 ആം ഓവറിൽ സൗമ്യ സർക്കാറിനോ മെഹദി ഹസനോ പന്ത് കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷേ ചിത്രം മാറുമായിരുന്നു. പരിചയ സമ്പന്നനായ റൂബെൽ ഹൊസൈൻ മിക്കവാറും ബംഗ്ലാദേശ് വിജയം അവസാന ഓവറിൽ ഉറപ്പിച്ചേനെ.എന്നാൽ ക്യാപ്റ്റൻ ഷക്കീബ് 19 ആം ഓവർ റൂബെലിനെ ഏൽപ്പിച്ചപ്പോൾ കളി കാർത്തിക്കിന്റെ വരുതിയിലാവുകയായിരുന്നു.
20 ആം ഓവർ, അവസാന പന്ത്, അഞ്ചു റൺ ജയിക്കാൻ. തനിക്ക് ഒരു വയസ്സ് മാത്രമുള്ള കാലത്ത് ഷാർജ കപ്പിന്റെ ഫൈനലിൽ ഇതേ അവസ്ഥയിൽ പാക്കിസ്ഥാൻകാരൻ ഒരു ജാവേദ് മിയാൻദാദ് ഇന്ത്യയുടെ ചേതൻ ശർമയെ സ്റ്റേഡിയത്തിന് പുറത്തേക്ക് പായിച്ചത് കാർത്തിക് മനസ്സിലോർത്തോ? അറിയില്ല. എന്തായാലും പാർട് ടൈം ബൗളറായ സൗമ്യ സർക്കാർ ചേതൻ ശർമയെ ഓർത്തു കാണും… ആ പന്ത് കാർത്തിക്കിന്റെ ബാറ്റിൽ നിന്നും പാഞ്ഞത് ഇരമ്പിയാർക്കുന്ന ഇന്ത്യൻ ആരാധകർക്കിടയിലേക്കായിരുന്നു.
ഇതിനായിരിക്കാം ഈ രണ്ടാമൂഴക്കാരൻ കാത്തിരുന്നത്. അയാൾക്ക് കയ്യടിക്കാൻ സെലിബ്രിറ്റിയാണെങ്കിലും ദീപിക പള്ളിക്കൽ ഉണ്ടാവില്ല. ട്രോളുകളാൽ അയാൾ മഹാനാക്കപ്പെട്ടേക്കില്ല… പക്ഷേ, ഇറങ്ങുന്ന സമയത്ത് കോച്ച് പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ഗ്രൗണ്ടിൽ നടപ്പാക്കി 12 പന്തിൽ 34 റൺസ് നേടി. അവസാന പന്തിൽ ഫ്ലാറ്റ് സിക്സർ പറത്തി വിജയ റൺസ് നേടിക്കൊണ്ട് ഡി കെ തെളിയിച്ചു ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർ റേറ്റഡ് ഫിനിഷർ താനാണ് എന്ന്.