കൊച്ചി • പ്ലേയിങ് ഇലവനിൽ ആരെല്ലാം എന്ന തീരുമാനത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ച് ഇപ്പോൾ നോക്കുന്നതു കളിക്കാരുടെ ശരീരോഷ്മാവാണ്. പ്ലേഓഫ് ഉറപ്പിക്കാനുള്ള പോരാട്ടങ്ങളുടെ തീച്ചൂടിലാണ് ഐഎസ്എൽ എങ്കിൽ പനിച്ചൂടിൽ വിറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
‘‘എല്ലാ ദിവസവും ഉണർന്നെണീറ്റു മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കേണ്ട സ്ഥിതിയിലൂടെയാണ് ഏതാനും നാളുകളായി ടീം കടന്നുപോകുന്നത്. ആർക്കെല്ലാമാണു പനിയുടെ പ്രശ്നങ്ങളെന്നറിയണം. എന്നിട്ടു വേണം പരിശീലന സെഷനുകൾ പോലും ഒരുക്കാൻ ’’ – ഇന്നു വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിനു മുന്നിൽ എതിരാളികളായി ചെന്നൈയിൻ എഫ്സി മാത്രമല്ലെന്ന വ്യക്തമാക്കുന്നതാണു വുക്കൊമനോവിച്ചിന്റെ വാക്കുകൾ. ചെന്നൈയിനെ മാത്രമല്ല, പനിയുടെ പരീക്ഷണം മറികടക്കാനുള്ള മരുന്നും കയ്യിൽ കരുതിയാണു ഇന്നു കളത്തിലത്തുന്നതെന്ന ഉറപ്പും കൂടി നൽകുന്നുണ്ട് സെർബിയൻ പരിശീലകൻ.
‘‘ ഇപ്പോഴും മൂന്നാം സ്ഥാനക്കാരാണു ഞങ്ങൾ. പനിയുണ്ടോ ഇല്ലയോ എന്നതൊന്നുമല്ല കാര്യം. വിജയം പിടിച്ചെടുക്കാനുള്ള ഒരു മനോഭാവമുണ്ടല്ലോ. അതാണു ടീമിന്റെ പ്രകടനത്തെ നിർണയിക്കുന്നത്. പോയ സീസണിൽ കോവിഡ് എന്ന പേരിട്ട വൈറസായിരുന്നു. ഇക്കുറി വൈറസ് എന്നു മാത്രം വിളിക്കുന്ന ഒന്ന്. എന്തുതന്നെയായാലും ഞങ്ങൾ പോരാടാൻ തയ്യാർ. റേസിന്റെ അവസാന റൗണ്ടുകളാണിത്. ആരാധകർക്കു വേണ്ടി ഇന്നു ഞങ്ങൾ ചിലതു തെളിയിക്കും’’ – പോരാട്ടച്ചൂടിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് തിളച്ചു നിൽക്കുകയാണെന്ന ഉറപ്പാക്കിയാണു വുക്കൊമനോവിച്ച് ഇന്നു ടീമിനെ ഒരുക്കുന്നത്.
നാലു കളികൾ മാത്രം ബാക്കി നിൽക്കുന്ന ലീഗിൽ പ്ലേഓഫിന്റെ പടിവാതിലിലാണു ബ്ലാസ്റ്റേഴ്സ്. ആറു ടീമുകൾക്കു പ്ലേഓഫ് അവസരമുള്ള ടീമിൽ 28 പോയിന്റുമായി മൂന്നാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ നാലു കളികളിൽ മൂന്നിലും പരാജയപ്പെട്ടെങ്കിലും ഇന്നു സ്വന്തം കോട്ടയിൽ 3 പോയിന്റുമായി മടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണു ടീം. മൂന്നാഴ്ചക്കിടെ 15 പേർക്കു പനി ബാധിച്ചതു പോലുള്ള തിരിച്ചടി ഏറ്റിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സിനെക്കാൾ ക്ഷീണിതരാണു ചെന്നൈയിൻ. 16 മത്സരങ്ങളിൽ നിന്നു 18 പോയിന്റ് മാത്രം നേടി എട്ടാം സ്ഥാനത്താണു ചെന്നൈ. കഴിഞ്ഞ 7 മത്സരങ്ങളിലും വിജയം കാണാതെ മടങ്ങേണ്ടി വന്നതിന്റെ സമ്മർദത്തിനൊപ്പം ബ്ലാസ്റ്റേഴ്സിനെതിരായ സമീപനകാല റെക്കോർഡും സന്ദർശകരെ അലട്ടുന്നുണ്ടാകും. കഴിഞ്ഞ മൂന്നു ഏറ്റുമുട്ടലുകളിലും കേരളത്തിനെതിരെ ഒരു വിജയം കണ്ടെത്താനാകാതെ മടങ്ങേണ്ടിവന്നവരാണു ചെന്നൈയിൻ.
‘ ലെസ്കോവിച്ച് വീണ്ടും പരിശീലനം തുടങ്ങിക്കഴിഞ്ഞു. കളിക്കുമോ ഇല്ലയോ എന്ന് ഇന്നേ തീരുമാനിക്കാനാകൂ. അപ്പോസ്തലസ് ജിയാനൂവിനും ഇന്നലെ പനി ബാധിച്ചിട്ടുണ്ട്. എങ്കിലും ഇന്നു കളിക്കാനാകുമെന്നാണു പ്രതീക്ഷ ’ – മലയാളി താരം നിഹാൽ സുധീഷിനു പരുക്കേറ്റ കാര്യം സ്ഥിതീകരിക്കുന്നതിനിടെ ഇവാൻ വുക്കൊമനോവിച്ച് പങ്കുവച്ച വിവരങ്ങൾ ഒരേ സമയം ആശയും ആശങ്കയും പകരുന്നതാണ്.