പേസർമാർ സ്പിൻ എറിയുന്നത് കൗതുകം ഉണർത്തുന്ന കാഴ്ച്ചയാണ്, അങ്ങനൊരു കാഴ്ച്ചയ്ക്ക് ഇപ്പോൾ വേദി ഒരുങ്ങിയത് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമാണ്. ഇംഗ്ലണ്ടിന്റെ പേസർ ഓലീ റോബിൻസണാണ് തന്റെ ഓഫ് സ്പിൻ മികവ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
സ്പിന്നർമാരില്ലാതെ ആണ് ഇംഗ്ലണ്ട് ഈ മത്സരത്തിന് ഇറങ്ങിയത്, ടീമിലെ ഏക സ്പിൻ ഓപ്ഷൻ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഓഫ് സ്പിൻ മാത്രമായിരുന്നു, പക്ഷെ അപ്രതീക്ഷിത നീക്കമെന്നോണം ഓലീ റോബിൻസൺ ഓഫ് സ്പിന്നറായി എത്തി, നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു!
അഞ്ച് പേസ് ബൗളർമാരുമായി ആണ് ഇംഗ്ലണ്ട് ഈ മത്സരത്തിന് ഇറങ്ങിയത്. വെറ്ററൻ പേസർമാരായ ജയിംസ് ആണ്ടേർസനും സ്റ്റുവർട്ട് ബ്രോഡിനുമൊട്ടം ഓലീ റോബിൻസനും ക്രിസ് വോക്സും ബെൻ സ്റ്റോക്സും, ഇതിൽ മൂന്ന് പേരും ഓൾറൗണ്ടർമാർ ആയതിനാൽ ടീമിന്റെ ബാലൻസും മികച്ചതാണ്. കഴിഞ്ഞ മത്സരത്തിൽ ഭാഗമായിരുന്ന ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നർ ജാക് ലീച്ച് മാത്രമാണ് ഇംഗ്ലണ്ട് സ്ക്വാഡിലെ ഏക സ്പ്യെഷ്യലിസ്റ്റ് സ്പിന്നർ. ഓസ്ട്രേലിയൻ സാഹചര്യങ്ങൾ മുൻനിർത്തി ലീച്ചിനെ ഈ മത്സരത്തിൽ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്.
28- കാരനായ ഓലീ റോബിൻസൺ ഈ വർഷം മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 7 മത്സരങ്ങളിൽ നിന്നും 34 വിക്കറ്റുകൾ നേടാൻ ഈ വലം കയ്യൻ പേസർക്ക് കഴിഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് – ന്യൂസിലാന്റ് പരമ്പരയിൽ ഇന്റർനാഷണൽ അരങ്ങേറ്റം നടത്തിയ റോബിൻസൺ അരങ്ങേറ്റത്തിൽ മികവ് പുലർത്തി ശ്രദ്ധ നേടിയിരുന്നു. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റുകൾ നേടിയ റോബിൻസന് പക്ഷേ അത്ര മികച്ച സമയം ആയിരുന്നില്ല. മത്സരത്തിന് പിന്നാലെ റോബിൻസന്റെ ചില പഴയ ട്വീറ്റുകൾ വൈറൽ ആവുകയും അതിന്റെ പേരിൽ ഇംഗ്ലണ്ട് ബോർഡ് സസ്പെന്‍ന്റ് ചെയ്യുകയും ചെയ്തു.
ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിൽ നാല് മത്സരങ്ങളിലും കളിച്ച റോബിൻസൺ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനങ്ങൾ ഉൾപടെ 21 വിക്കറ്റുകൾ നേടിയിരുന്നു. 2014 ൽ യോർക്ഷയറിന് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ റോബിൻസൺ അന്നും വിവാദങ്ങളുടെ പേരിൽ ആണ് ശ്രദ്ധ നേടിയത്. ചില പ്രശ്നങ്ങളുടെ പേരിൽ ടീമിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം വരെ ഉണ്ടായി. പിന്നീട് എസെക്സിന് വേണ്ടിയും ഹാംപ്ഷയറിന് വേണ്ടിയും കുറച്ച് മത്സരങ്ങളിൽ ഭാഗമായ റോബിൻസൺ 2015 ൽ സസെക്സിൽ എത്തിയതോടെയാണ് കരിയർ മാറിയത്.
നാലാം ദിവസം ഡിന്നറിന് പിരിയുമ്പോൾ ഓസ്ട്രേലിയ 134/4 എന്ന നിലയിലാണ്. മത്സരത്തിൽ ഓസ്ട്രേലിയക്ക് 371 റൺസിന്റെ ലീഡുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വാർണർ, ലാബുഷൈൻ, സ്മിത്ത് എന്നിവരുടെ മികവിൽ 473/9 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിൽ 236 ന് ഓൾഔട്ട് ആയ ഇംഗ്ലണ്ട് 237 റൺസിന്റെ വമ്പൻ ലീഡ് വഴങ്ങി. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു എങ്കിലും മത്സരം ഇപ്പോഴും ഓസ്ട്രേലിയുടെ കയ്യിൽ തന്നെയാണ്. ഓപണർമാരെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കാൻ കഴിഞ്ഞു എങ്കിലും ലാബുഷൈനും (31) ആദ്യ മത്സരത്തിലെ ഹീറോ ട്രാവിസ് ഹെഡും (45) ക്രീസിലുണ്ട്.