ഇത്തവണത്തെ മെഗാ ലേലത്തിൽ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനം കേട്ട ടീമാണ് രാജസ്ഥാൻ റോയൽസ്. റിറ്റൻഷൻ പോളിസിയിലും ലേലത്തിലും മികച്ച നീക്കങ്ങൾ നടത്താൻ റോയൽസിന് സാധിച്ചില്ല എന്നതാണ് പ്രധാന വിമർശനം. എന്നാൽ റോയൽസ് ഈ മെഗാ ലേലത്തിൽ നടത്തിയ ഏറ്റവും മികച്ച ഒരു നീക്കമുണ്ട്. ഈ നീക്കം ആരാണെന്ന് നോക്കാം…
ട്രെന്റ് ബോൾട്ടിനെ നഷ്‌ടമായ റോയൽസിന് അതേ മികവിലുള്ള ഒരു താരത്തെ ടീമിലെത്തിക്കാനായിട്ടില്ല എന്നത് ആരാധകർ ഉയർത്തിയ വിമർശനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ബോൾട്ടിന് കൃത്യമായ ഒരു
പകരക്കാരനെ റോയൽസ് ടീമിലെത്തിച്ചിട്ടുണ്ട്. 2 കോടി എന്ന ബേസ് പ്രൈസിൽ രാജസ്ഥാൻ ടീമിലെത്തിച്ച ഇടം കൈയ്യൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയാണ് ആ താരം.
സമീപ കാലത്തായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ ശ്രദ്ധ നേടിയ അഫ്ഘാൻ ബൗളറാണ് ഫാറൂഖി. പ്രായവും കണക്കും പരിശോധിച്ചാൽ ബോൾട്ടിനേക്കാൾ മികച്ച ഓപ്‌ഷനാണ് ഫാറൂഖി എന്നത് നിസ്സംശയം പറയാം.
പവർ പ്ലേയിൽ പന്ത് ഇടത്തേക്കും വലത്തേക്കും സ്വിങ് ചെയ്യാൻ കഴിവുള്ള താരമാണ് ഫാറൂഖി. കൂടാതെ പവർ പ്ലേയിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള താരവും. മികച്ചൊരു ഇക്കോണോമി ബൗളർ കൂടിയാണ് ഫാറൂഖി. 6.67 ആണ് ഫാറൂഖിയുടെ അന്താരാഷ്ട്ര ടി20യിലെ എക്കൊണോമി റേറ്റ്. ട്രെന്റ് ബോൾട്ടിന്റെ ഇക്കോണോമിയാവട്ടെ 7.68 ഉം.
കണക്കുകളിൽ മികച്ചവനാണ് ഫാറൂഖി. 35 കാരനായ ട്രെന്റ് ബോൾട്ടിന് രാജസ്ഥാൻ നടത്തിയ കൃത്യമായ റീപ്ളേസ്മെന്റാണ് 24 കാരനായ ഫാറൂഖി.