ജോസ് ബട്ലറെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയില്ല എന്നതാണ് ഇത്തവണത്തെ നിലനിർത്തലിൽ ആരാധകരെ ഞെട്ടിച്ച ഘടകങ്ങളിലൊന്ന്. സഞ്ജു സാംസൺ, ജയ്‌സ്വാൾ, പരാഗ്, ഹേറ്റ്മേയർ, ദ്രുവ് ജ്യൂറിൽ, സന്ദീപ് ശർമ്മ എന്നിവരെയാണ് രാജസ്ഥാൻ നിലനിർത്തിയത്. ഇതിൽ ഹേറ്റ്മേയർ, ദ്രുവ് ജ്യൂറൽ എന്നിവർക്ക് യഥാക്രമം 11 കോടി, 14 കോടി എന്നീ തുകയ്ക്കാണ് രാജസ്ഥാൻ നിലനിർത്തിയത്.
എന്നാൽ ബട്ലറിനെയോ ട്രെന്റ് ബോൾട്ടിനെയോ നിലനിർത്താതെ ഹേറ്റ്മേയർ, ദ്രുവ് ജ്യൂറൽ എന്നിവർക്ക് ഇത്രയും തുക നൽകി നിലനിർത്തിയതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്. എന്നാൽ ബട്ട്ലർ, ബോൾട്ട് എന്നിവരെ മെഗാ ലേലത്തിൽ രാജസ്ഥാൻ തിരിച്ചെത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ബട്ട്ലറെ രാജസ്ഥാൻ ലേലത്തിൽ തിരിച്ചെത്തിക്കില്ലെന്നും ബട്ട്ലർക്ക് പകരം മറ്റൊരു ഇന്ത്യൻ താരത്തെ രാജസ്ഥാൻ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് ചില ക്രിക്കറ്റ് നിരീക്ഷകരും വെബ്സൈറ്റുകളും ചൂണ്ടികാണിക്കുന്നത്.
ലേലത്തിൽ രാജസ്ഥാന്റെ മുഴുവൻ പദ്ധതികളും പരിശീലകൻ രാഹുൽ ദ്രാവിഡിനെ കേന്ദ്രികരിച്ചാണ്. യുവതാരങ്ങൾക്ക് പരിഗണന നൽകുന്ന ദ്രാവിഡ് മെഗാ ലേലത്തിലും യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ അത്ഭുതപ്പെടേണ്ടതില്ല. അതിനാൽ ബട്ട്ലർക്ക് പകരം ദ്രാവിഡ് തന്റെ പഴയ ശിഷ്യനായ പൃഥ്വി ഷായെ ലേലത്തിൽ ടീമിലേക്കെത്തിക്കാനുള്ള നീക്കം നടത്തിയേക്കും.
നിലവിൽ ഇന്ത്യന്‍ ടീമിന് പുറത്തുള്ള പൃഥ്വി ഷാ രാഹുല്‍ ദ്രാവിഡിന് കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. 24 വയസ്സ് മാത്രം പ്രായമുള്ള പൃഥ്വി ഷായ്ക്ക് കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. എന്നാലും ദ്രാവിഡ് താരത്തിൽ വിശ്വാസം അർപ്പിക്കുമെന്നാണ് കരുതുന്നത്.പവര്‍പ്ലേയില്‍ ഇടം കൈയനായ യശ്വി ജയ്‌സ്വാളിനൊപ്പം കടന്നാക്രമിക്കാന്‍ പൃഥ്വി ഷായെ കൊണ്ടുവരാനാണ് ടീമിന്റെ പദ്ധതിയെന്നാണ് സൂചനകൾ.
കൂടാതെ ബട്ട്ലറെ മുംബൈ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇഷാൻ കിഷനെ ഒഴിവാക്കിയ മുംബൈ ബട്ട്ലർക്ക് ലേലത്തിൽ പ്രഥമ പരിഗണന നൽകുന്നതിനാൽ പൃഥ്വി ഷാ മികച്ച ഓപ്‌ഷനാണെന്ന് രാഹുൽ ദ്രാവിഡ് കരുതുന്നു.