16വർഷമായി റയൽ മാഡ്രിഡിന്റെ പ്രതിരോധ കോട്ട കാത്ത സെർജിയോ റാമോസ് സാന്റിയാഗോ ബെർണാബുവിനോട് വിട ചൊല്ലുന്നു വ്യാഴായ്ച്ച നടക്കുന്ന വിടചൊല്ലൽ ചടങ്ങാകും റാമോസിന്റെ അവസാന റയൽ മാഡ്രിഡ് നിമിഷം.
2005 ഇൽ സെവിയ്യയിൽ നിന്നും ചേക്കേറിയ റാമോസ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ മാഡ്രിഡിസ്റ്റുകളുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. റാമോസ് മുന്നിൽ നിന്ന് നയിക്കുന്ന പ്രതിരോധ കോട്ടയിൽ ഇരച്ചു കയറുമ്പോൾ ഏതൊരു മുന്നേറ്റ താരത്തിന്റെയും മുട്ടിടിക്കുമായിരുന്നു.
റയൽ മാഡ്രിഡിനൊപ്പം ല ലീഗയും, കോപ്പാ ഡെൽ റേയും,സ്പാനിഷ് സൂപ്പർ കപ്പും, ചാമ്പ്യൻസ് ലീഗും, യുവേഫ സൂപ്പർ കപ്പും, ക്ലബ് വേൾഡ് കപ്പും നിരവധി തവണ നേടിയ റാമോസിന്റെ കരിയറിലെ നാഴിക കല്ലായിരുന്നു 2016 മുതൽ 2018 വരേ തുടർച്ചയായി മൂന്നു തവണ ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്.
റാമോസ് ആരായിരുന്നു റയൽ മാഡ്രിഡിന് എന്ന് ചോദിക്കുന്നതിനു പകരം ആരായിരുന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും നല്ലതു.
ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ, പ്രതിരോധ കോട്ടയിലെ ഉരുക്കു മനുഷ്യൻ, ഡ്രസിങ് റൂമിലെ മോട്ടിവേറ്റർ, എതിരാളികളുടെ പേടി സ്വപ്നം, മാഡ്രിഡിസ്റ്റുകളുടെ ഇതിഹാസം.
പ്രതിരോധത്തിൽ ശ്രദ്ധ പുലർത്തുമ്പോളും ഗോളടിയിലും മാഡ്രിഡിസ്റ്റുകളുടെ റാമേട്ടൻ മുന്നിലായിരുന്നു. കഴിഞ്ഞ ല ലീഗ സീസണിൽ റാമോസിന്റെ ഗോളടി മികവിനും നാം സാക്ഷിയായതാണ്.
സ്പെയിൻ ദേശീയ ടീമിലും മിന്നി തിളങ്ങിയ റാമോസ് 2008, 2012 യൂറോ കപ്പും 2010 ഇൽ സ്പെയിനിനു ചരിത്രത്തിലെ ആദ്യ ലോക കിരീടം നേടിക്കൊടുക്കുന്നതിലും നിർണായക ശക്തിയായിരുന്നു.
തന്റെ മുൻ ക്ലബ് സെവിയ്യയിലേക്ക് തന്നെ തിരിച്ചു പോകുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അങ്ങനെ ആണെങ്കിൽ ല ലീഗയിൽ റയൽ മാഡ്രിഡിനെതിരെ തന്നെ പന്തു തട്ടുന്ന റാമോസിനെ നമുക്ക് കാണാനാകും.