2021 -നെ തന്റേതാക്കി മാറ്റിയ സ്വപ്ന ഫോം തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്! ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ മൈക്കിൾ ക്ലാർക്കിനെയും സച്ചിൻ ടെൻഡുൽക്കറെയും മറികടന്ന് മുന്നേറുകയാണ് ഇപ്പോൾ. ഇന്ന് 62 റൺസ് നേടി പുറത്താവുന്നതിനിടെ റൂട്ട് സച്ചിൻ ടെൻഡുൽക്കർ, മൈക്കിൾ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ലിസ്റ്റിൽ നാലാം സ്ഥാനത്തേക്ക് എത്തി. ഈ വർഷം 6 സെഞ്ച്വറികളും, മൂന്ന് ഫിഫ്റ്റികളുമടക്കാമാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ 1606 റൺസ് നേടിയിരിക്കുന്നത്. ഇന്ന് വലിയ സ്കോറിലേക്ക് എന്ന് തോന്നിച്ച റൂട്ടിനെ ഡിന്നറിന് ശേഷം ക്രിസ് ഗ്രീൻ ആണ് പുറത്താക്കിയത്.
ജോ റൂട്ട് 2021 ആരംഭിച്ചത് തന്നെ ഏറ്റവും മികച്ച രീതിയിൽ ആയിരുന്നു, ശ്രീലങ്കയിലെ ചലഞ്ചിങ് സാഹചര്യങ്ങളിൽ ഡബിൾ സെഞ്ച്വറി! അതേ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 186 റൺസ് നേടി. അടുത്ത ഇര ഇന്ത്യ ആയിരുന്നു, ചെപ്പോക്കിലെ പക്കാ സ്പിൻ പിച്ചിൽ രവിന്ദ്രൻ അശ്വിന് പോലും പിടികൊടുക്കാതെ അടുത്ത ഡബിള്‍ സെഞ്ച്വറി! പിന്നീട് കുറച്ചു മത്സരങ്ങളിൽ വലിയ സ്കോറുകൾ പിറന്നില്ല. ഓഗസ്റ്റിൽ ഇന്ത്യക്കെതിരെ ട്രെന്റ്ബ്രിഡ്ജിൽ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടി തിരിച്ചുവരവ്.

അടുത്ത മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 391 റൺസിന് ഓൾഔട്ട് ആവുമ്പോൾ ഒറ്റത്തത് 180 റൺസുമായി പുറത്താവാതെ നിന്നു ക്യാപ്റ്റന്‍ റൂട്ട് – മറ്റൊരു ഡബിൾ സെഞ്ച്വറി ജസ്റ്റ് മിസ്! പരമ്പരയിലെ മൂന്നാം ടെസ്റ്റ്, ഹെഡിങ്ലിയിൽ വീണ്ടും സെഞ്ച്വറി, ഇത്തവണ 121 നേടി പുറത്ത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിൽ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഡക്കിന് പുറത്തായി എങ്കിലും രണ്ടാം ഇന്നിങ്സിൽ 89 റൺസ് നേടിയാണ് മത്സരം അവസാനിപ്പിച്ചത്.
ഇന്നലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബാറ്റിങിന് എത്തുമ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഈ വർഷം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ റൺസ് 1544*, അത് 13 മത്സരങ്ങിലെ 25 ഇന്നിങ്സുകളിൽ നിന്ന് നേടിയത്. അതിൽ ആറ് സെഞ്ച്വറികളും 2 ഫിഫ്റ്റികളും. ഈ ഇന്നിങ്സിൽ റൂട്ട് മറി കടന്നത് റിക്കി പോണ്ടിംഗ്, സുനിൽ ഗവാസ്കർ, സച്ചിൻ ടെൻഡുൽക്കർ, മൈക്കിൾ ക്ലാർക്ക് എന്നിവരെയാണ്. നിലവിൽ ഒരു കലണ്ടർ വർഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമൻ!
ഈ ലിസ്റ്റിന്റെ തലപ്പത്ത് പാകിസ്താന്റെ മുഹമ്മദ് യൂസഫ് ആണ്, 2006 ൽ യൂസഫ് നേടിയത് 1788 റൺസ് ആണ്. യൂസഫ് അന്ന് തകർത്തത് വിൻഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡിന്റെ റെക്കോഡ് ആണ്, 1976 ൽ റിച്ചാര്‍ഡ്സ് നേടിയത് 1710 റൺസ് ആണ്! 2008 ൽ 1656 ടെസ്റ്റ് റൺസ് നേടിയ ഗ്രേയം സ്മിത്ത് മൂന്നാമനും ഇന്ന് റൂട്ട് പിന്നിലാക്കിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റന്‍ മൈക്കിൾ ക്ലാർക്ക് (1595) അഞ്ചാമതും ആണ്. ഇന്നത്തെ ഇന്നിങ്സോടെ 1606 റൺസിൽ എത്തിയ റൂട്ടിന് ഇനി ഈ വർഷം അവശേഷിക്കുന്നത് മൂന്ന് ഇന്നിങ്സുകളാണ്, അതിൽ നിന്നും 183 റൺസ് നേടാനായാൽ കരിയറിൽ പൊൻതൂവൽ ആയി ഈ റെക്കോഡ് കൂടി സ്വന്തമാക്കാം!