സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിലും സെഞ്ച്വറി നേടി അന്താരാഷ്ട്ര ടി20 കരിയറിൽ 3 സെഞ്ചുറികൾ പൂർത്തിയാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഈ സെഞ്ചുറി ആരാധകർക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഈ സെഞ്ചുറി കൊണ്ടൊന്നും കാര്യമില്ലെന്നും സഞ്ജുവിന് ഇന്ത്യൻ ദേശീയ ടീമിൽ സ്ഥാനം നഷ്ടമാവാനും സാധ്യതയുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. അതിനുള്ള കാരണങ്ങൾ പരിശോധിക്കാം…
നിലവിൽ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവർ ടെസ്റ്റ് ടീമിന്റെ ഭാഗമായത് കൊണ്ടാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാൽ ഗില്‍ മടങ്ങിയെത്തിയാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടാവാന്‍ സാധ്യത കൂടുതലാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി വരെ ഗിൽ ടി20 കളിയ്ക്കാൻ സാധ്യതയില്ല. അതിന് മുമ്പ് അടുത്ത വർഷം ജനുവരിയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര കളിക്കുക. ആ പരമ്പരയിൽ സഞ്ജു ഉണ്ടാകും. എന്നാൽ അത് കഴിഞ്ഞ് ഗിൽ മടങ്ങിയെത്തുമ്പോൾ സഞ്ജുവിന് സ്ഥാനം തെറിക്കും. അതിനൊരു കാരണമുണ്ട്.
എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബിസിസിഐ വളർത്തി കൊണ്ട് വരുന്ന താരമാണ് ഗിൽ. നിലവിൽ ഇന്ത്യൻ വൈറ്റ് ബോൾ ടീമിന്റെ ഉപനായകൻ കൂടിയാണ് ഗിൽ. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് ആയും ഗിൽ വളർന്ന് വരുന്നുണ്ട്.
ഭാവി നായകസ്ഥാനത്തേക്ക് ബിസിസിഐ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്ന ഗില്ലിനെ ടി20 ടീമില്‍ നിന്നും ഒഴിവാക്കുക അസാധ്യമാണ്. അതിനാൽ ഗിൽ മടങ്ങിയെത്തിയത് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാണ്. ബാക്കിയുള്ള പൊസിഷനിൽ താരത്തിന് കളിക്കാനുള്ള അവസരം ലഭിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
മറ്റൊരു ഓപ്‌ഷൻ, യശ്വസി ജയ്‌സ്വാളിന്റെ സ്ലോട്ടിൽ സ്ഥാനം ഉറപ്പിക്കാം എന്നതാണ്. എന്നാൽ നിലവിൽ മികച്ച ഫോമിലുള്ള ലെഫ്റ്റ് ഹാൻഡർക്ക് പകരക്കാരനാവാൻ സഞ്ജുവിന് സാധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.