തുടർച്ചായി രണ്ട് സെഞ്ചുറികൾ നേടിയെങ്കിലും ഇന്ത്യൻ ടി20 ടീമിൽ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമല്ല. ഋഷഭ് പന്ത് തന്നെയാണ് ഇപ്പോഴും ടി20യിലെ ആദ്യ ചോയിസ്. പന്ത് നിലവിൽ ടെസ്റ്റ് ടീമിന്റെ ഭാഗമായത് കൊണ്ടാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത് പോലും. എന്നാൽ എന്ത് കൊണ്ട് സഞ്ജുവിന് പന്തിനെ മറികടക്കാൻ കഴിയുന്നില്ല എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം സഞ്ജുവിന്റെ സ്ഥിരതാ പ്രശ്നമാണ്. 0, 0, 29, 10, 111, 107, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ എട്ടു ടി20 മല്‍സരങ്ങളില്‍ സഞ്ജുവിന്റെ പ്രകടനം. സൗത്ത് ആഫ്രിക്കയ്ക്കെതിരായ നാലാം ടി20യിലും തിളങ്ങാനായില്ലെങ്കിലും സഞ്ജുവിന് മുന്നിൽ കാര്യങ്ങൾ സേഫാണ്.. സഞ്ജുവിനും ഇനിയും ലൈഫ് ലൈനുണ്ട്.
സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ ദേശീയ ടീമിന്റെ അടുത്ത പരമ്പര ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ- ഗാവസ്‌കർ ട്രോഫിയാണ്. നവംബർ 22 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ജനുവരി ഏഴിനാണ് അവസാനിക്കുന്നത്.
ബോർഡർ- ഗാവസ്‌കർ ട്രോഫി കഴിഞ്ഞാൽ ഇന്ത്യയുടെ അടുത്ത പരമ്പര ജനുവരി 22 ന് ഇന്ത്യയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയാണ്. ബോർഡർ- ഗാവസ്‌കർ ട്രോഫി മത്സരം കഴിഞ്ഞ സാഹചര്യത്തിലും ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫി നടക്കാനിരിക്കെയും ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലും ഋഷഭ് പന്ത് കളിയ്ക്കാൻ സാധ്യതയില്ല. അതിനാൽ സഞ്ജുവിന് ഈ പരമ്പരയിലും അവസരം ലഭിക്കും.
എന്നാൽ ഈ പരമ്പര സഞ്ജുവിന് നിർണായകമാണ്. ടി20 ടീമിൽ സ്ഥിര സാനിധ്യം ഉറപ്പിക്കാൻ സഞ്ജു മികച്ച പ്രകടനം നടത്തേണ്ടത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ്. ഇവിടെ മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് പ്രതീക്ഷ നിലനിർത്താം. അല്ലെങ്കിൽ സഞ്ജുവിന് കാര്യങ്ങൾ പ്രതികൂലമായി തുടങ്ങും.
ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര കഴിഞ്ഞാൽ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 3 ഏകദിനങ്ങൾ അടങ്ങിയ പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയിലായിരിക്കും ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ടീം മുന്നൊരുക്കം നടത്തുക. അതിന് ശേഷം ചാമ്പ്യൻസ് ട്രോഫിയാണ്.