കളിക്കളത്തിലെ പ്രകടനം മാത്രമല്ല, കളത്തിന് പുറത്തെ രാഷ്ട്രീയവും ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്ത് പലപ്പോഴും പ്രധാന ഘടകമായിട്ടുണ്ട്. അമ്പാട്ടി റായിഡു, മനോജ് തിവാരി എന്നിവർക്ക് ഇന്ത്യൻ ടീമിൽ കൃത്യമായ അവസരം ലഭിക്കാത്തത് പോലും കളത്തിന് പിന്നിലെ രാഷ്ട്രീയം കൊണ്ടാണാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. എന്നാൽ ഈ രാഷ്ട്രീയം മലയാളി താരം സഞ്ജുവിനെ ബാധിക്കുമോ എന്നുള്ളതാണ് ആരാധകരുടെ പ്രധാന ആശങ്ക.
സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് ഇന്ന് നടത്തിയ പ്രസ്‌താവനയെ പറ്റിയാണ് പറഞ്ഞ് തുടങ്ങുന്നത്. ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും ചേര്‍ന്ന് തന്റെ മകന്റെ 10 വര്‍ഷങ്ങള്‍ നശിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പിതാവ് ഇന്ന് നടത്തിയത്. ധോണി, കോഹ്ലി, രോഹിത്, രാഹുൽ ദ്രാവിഡ് എന്നിവർക്കതിരെയാണ് സഞ്ജുവിന്റെ പിതാവിന്റെ പ്രത്യക്ഷ പരാമർശം.
സഞ്ജുവിന്റെ പിതാവ് പറഞ്ഞത് സത്യമായ കാര്യമാണെങ്കിലും കളത്തിന് പുറത്തെ രാഷ്ട്രീയം വലിയ രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്ത് ഉള്ളതിനാൽ ഈ പ്രസ്താവന സഞ്ജുവിന് വിനയാകാൻ സാധ്യതയുണ്ട്. കാരണം ബിസിസിഐയെ സംബന്ധിച്ച് ഒരു അച്ചടക്ക കോഡ് അവർ പരോക്ഷമായി പിന്തുടരുന്നുണ്ട്.ബിസിസിഐയുടെ അച്ചടക്ക കോഡിനെ മറ്റൊരു തലത്തിൽ പറയുകയാണെങ്കിൽ വഴങ്ങുക, അടിമപ്പെടുക, ശബ്‍ദമുയർത്താതിരിക്കുക തുടങ്ങിയ വാക്കുകൾ കൊണ്ട് വിശദീകരിക്കാനും സാധിക്കും.
ഇന്ത്യയിൽ ഒട്ടനവധി ക്രിക്കറ്റ് താരങ്ങൾ വളർന്ന് വരുന്നുണ്ട്. അതിനാൽ ഏതൊരു താരത്തെയും കൂടുതലായും ആശ്രയിക്കുക എന്ന രീതി ബിസിസിഐയ്ക്കില്ല. അതിനാൽ തന്നെ ബിസിസിഐക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താനും അവർക്ക് സാധിക്കും. അത് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റിലെ പല പ്രമുഖരും ബിസിസിഐക്കെതിരെ ശബ്ദം ഉയർത്താത്. ഉയർത്തുന്നവർക്ക് ക്രിക്കറ്റ് കരിയർ മറക്കുകയും ചെയ്യാം.
സഞ്ജുവിന്റെ പിതാവ് ബിസിസിഐയെ നേരിട്ട് പരാമശിക്കുന്നതല്ല എങ്കിലും അതിൽ പ്രത്യക്ഷമായി ഒരു വിമർശനം ഒളിഞ്ഞ് കിടപ്പുണ്ട്. അതിനാൽ സത്യമാണ് എങ്കിൽ പോലും ഈ കാര്യം സഞ്ജുവിന്റെ പിതാവ് പറയാൻ പാടില്ലായിരുന്നു. ഇനി യുവരാജ് സിങ് പണ്ട് ചെയ്തത് പോലെ പിതാവിന്റെ പ്രസ്താവനയെ തള്ളിപ്പറയുക എന്നതായിരിക്കും സഞ്ജുവിന്റെ മുന്നിലുള്ള ഓപ്‌ഷൻ.