വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും സഞ്ജു തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിൽ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തി 107 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആകെ 141 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. സഞ്ജുവിന്റെ മിന്നും പ്രകടനം ചർച്ചയാവുമ്പോൾ അതിൽ നന്ദി പറയേണ്ട രണ്ട് പേർ കൂടിയുണ്ട്.
സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി പേരുണ്ട്. സഞ്ജുവിനെ ഇന്ന് കാണുന്ന പ്രൊഫഷണൽ ക്രിക്കറ്ററാക്കിയതും ഈ വേദിയിൽ എത്തിച്ചതിനും പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെങ്കിലും ഈ വേളയിൽ നന്ദി പറയേണ്ടത് പ്രധാനമായും രണ്ട് പേരോടാണ്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറാണ് ആദ്യ വ്യക്തി. ശാസ്ത്രിയും ദ്രാവിഡുമൊക്കെ സഞ്ജുവിനെ പുകഴ്ത്തി പറയുമെങ്കിലും സഞ്ജുവിന് ശക്തമായ പിന്തുണ നൽകിയ ഇന്ത്യൻ പരിശീലകൻ ഗംഭീറാണ്. ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായപ്പോഴും ഗംഭീർ സഞ്ജുവിൽ വിശ്വാസം അർപ്പിച്ചു. ഋതുരാജിനെ പോലുള്ള താരങ്ങൾ പുറത്തിരിക്കുമ്പോഴാണ് സഞ്ജുവിന് ഗംഭീർ പിന്തുണ നൽകിയത്. ആ പിന്തുണയ്ക്ക് സഞ്ജു മികച്ച പ്രകടനത്തിലൂടെ നന്ദി കാണിക്കുകയും ചെയ്‌തു.
മറ്റൊരു വ്യക്തി ഇന്ത്യൻ ടി20 ടീമിന്റെ നായകൻ സൂര്യകുമാർ യാദവാണ്. കോഹ്‌ലിയും രോഹിതുമൊക്കെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് സൂര്യകുമാർ യാദവിന് നിന്നാണ്.
പരിശീലകനും നായകനും തനിക്ക് നൽകുന്ന പൂർണ പിന്തുണയാണ് സഞ്ജുവിന് ഇത്രമാത്രം ആത്മവിശ്വാസം നൽകിയത് എന്നത് എടുത്ത് പറയേണ്ട ഘടകമാണ്.