റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനലിൽ കടക്കാതെ കേരളം പുറത്തായതാണ് റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറിക്ക് കാരണമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. ‘കേരളമോ ബംഗാളോ പോലുള്ള ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവർ യോഗ്യത നേടിയിരുന്നെങ്കിൽ, കേരളത്തിൽനിന്ന് ധാരാളം ആളുകൾ മത്സരങ്ങൾ കാണാൻ വരുമായിരുന്നു.കൂടുതൽ മലയാളികൾ ഉള്ള സ്ഥലമാണ് സൗദി.
ഇതിലും മികച്ചത് കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നടന്ന മലപ്പുറം പയ്യനാട് സ്റ്റേഡിയം തന്നെയാണ്.സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് അത്രയും കാണികൾ കളി കണ്ടത്.മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമം ലോകം അറിയാനും സന്തോഷ് ട്രോഫി സഹായിച്ചു.
സൗദി അറേബ്യയിൽ താമസിക്കുന്ന ഇവരുടെ ആരാധകർ എത്തിയിരുന്നെങ്കിൽ വരുമാനം ഉണ്ടാക്കുന്നതിന് സൗദി ഫെഡറേഷനും ഇന്ത്യക്കും ഗുണം ചെയ്തേനേ’ -അദ്ദേഹം പറഞ്ഞു. കേരളം യോഗ്യത നേടുമെന്ന് കരുതിയാണ് 60,000ത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽത്തന്നെ മത്സരം നടത്താൻ തീരുമാനിച്ചത്. പക്ഷേ, മറിച്ചാണ് സംഭവിച്ചതെന്നും ചൗബേ കൂട്ടിച്ചേർത്തു. അതേസമയം, വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം സെമി ഫൈനലിൽ ഉപയോഗപ്പെടുത്തുമെന്ന് ചൗബേ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
സൗദിയിൽ ആദ്യമായാണ് ഇന്ത്യയിലെ ഒരു ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നത്.പക്ഷെ കാണികളുടെ അഭാവം അത് നിരാശപ്പെടുത്തി.
കേരളം സെമിയിൽ ഉണ്ടായിരുന്നെങ്കിൽ മറിച്ചൊന്ന് അവിടെ സംഭവിക്കുമായിരുന്നു.ഇന്ത്യൻ ഫുട്ബോളിൽ കേരളം എത്ര മാത്രം വിലയുള്ളതാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.