സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീന 2026 ലെ അമേരിക്കൻ ലോകകപ്പിന് ഏറെക്കുറെ യോഗ്യത ഉറപ്പിച്ച മട്ടിലാണ്. അതിനാൽ വലിയ പരീക്ഷണങ്ങൾക്ക് മുതിരാൻ പരിശീലകൻ ലയണൽ സ്കലോണിയ്ക്ക് ധൈര്യവും ലഭിക്കുന്നുണ്ട്. അടുത്ത മാസം അർജന്റീനയ്ക്ക് രണ്ട് യോഗ്യത മത്സരങ്ങളുണ്ട്. ഈ യോഗ്യത മത്സരങ്ങൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പ്രതിരോധതാരത്തെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിക്കാനുള്ള ഒരുക്കത്തിലാണ് സ്കലോണി.
പ്രീമിയർ ലീഗ് ക്ലബ് എഎഫ്സി ബൗൺമൗത്തിനായി മികച്ച പ്രകടനം നടത്തുന്ന 27 കാരനായ പ്രതിരോധ താരം മാർക്കോസ് സെനേസിയെ തിരിച്ച് വിളിക്കാനുള്ള ഒരുക്കത്തിലാണ് സ്കലോണി. അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഫെർണാണ്ടോ സെയ്‌സിന്റെ റിപ്പോർട്ട് പ്രകാരം സെനേസിയെ അർജന്റീന നവംബർ മാസത്തെ മത്സരങ്ങൾക്കായി തിരിച്ച് വിളിക്കാൻ ഒരുങ്ങുന്നു എന്നാണ്.
2022ൽ അർജന്റീനൻ ദേശീയ ടീമിനായി ഒരൊറ്റ മത്സരം സെനേസി കളിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയ ടീമിൽ അവസരം ലഭിക്കാതെ പോയ താരത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ടീമിൽ ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത്. അതും ബൗൺമൗത്തിനായി കാഴ്ച വെച്ച മികച്ച പ്രകടനം കാരണവും.
നവംബറിൽ രണ്ട് മത്സരങ്ങളാണ് അർജന്റീനയ്ക്കുള്ളത്. നവംബർ 15 ന് പരാഗ്വേയ്ക്കെതിരെയും നവംബർ 20 ണ് പെറുവിനെതിരെയുമാണ് അർജന്റീനയുടെ മത്സരം. ഇരുവരും താരതമ്യേന അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ടീമുകളല്ല എന്നതാണ് സ്കലോണിയെ പുതിയ പരീക്ഷണങ്ങൾക്ക് മുതിരാൻ പ്രാപ്തനാക്കുന്നത്.
പ്രതിരോധത്തിൽ ലിച്ച മാർട്ടിൻസിനും, റോമെറോയ്ക്കും ബാക്ക് അപ്പായി പുതിയ താരങ്ങളെ വളർത്തുക എന്ന ലക്ഷ്യമാണ് സെനേസിയ്ക്ക് അവസരം കൊടുക്കുന്നതിലൂടെ സ്കലോണി ഉദ്ദേശിക്കുന്നത്.