ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഹനുമ വിഹാരി. ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങളിലും മികവ് പുലർത്തി, പക്ഷെ ന്യൂസിലാന്റ് പരമ്പരക്കുള്ള ടീമിൽ നിന്നും മതിയായ കാരണങ്ങൾ പറയാതെ അയാളെ പുറത്താക്കി – ടീമിലെ പ്രധാന ബാറ്റർ ആയ ക്യാപ്റ്റന്‍ കോലി ഇല്ലാതെ ഇരുന്നിട്ട് പോലും പതിനാറംഗ സ്ക്വാഡിൽ ഇടം കണ്ടെത്താൻ വിഹാരിക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തി.
ഈ വർഷം ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റ് പുറത്തായ വിഹാരി പിന്നീട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് സീരിസിലും ബഞ്ചിൽ ഇരിക്കാൻ വിധിക്കപ്പെട്ടു. വിഹാരി തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ, അഞ്ചാം ദിവസം സിഡ്സിയിൽ അശ്വിനൊപ്പം നടത്തിയ ചെറുത്ത് നിൽപ്പ് ആരാധകർക്ക് മറക്കാൻ സമയം ആയിട്ടില്ല. അന്ന് ഓസ്ട്രേലിയൻ പേസർമാർ ശരീരം ലക്ഷ്യമിട്ട് പോലും പന്തെറിഞ്ഞിട്ടും 161 പന്തുകൾ നേരിട്ടാണ് വിഹാരി മത്സരം സമനിലയിൽ എത്തിച്ചത്.

ആ മത്സരത്തിലേറ്റ പരിക്ക് കാരണം വിഹാരി അവസാന മത്സരം കളിച്ചില്ല. പിന്നെ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുന്നത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇംഗ്ലണ്ട് ടെസ്റ്റ് സീരിസ് എന്നിവയ്ക്കുള്ള സംയുക്ത സ്ക്വാഡിലേക്കാണ്. ഏപ്രില്‍ മാസം IPL നടക്കുമ്പോൾ വിഹാരി ഇംഗ്ലണ്ടിൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ വാർവിക്ഷൈറന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. പക്ഷേ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ കളിക്കാനോ സീരിസിൽ കളിക്കാനോ വിഹാരിക്ക് കഴിഞ്ഞില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ ഓവർസീസ് സാഹചര്യങ്ങളിലും ഹോം സാഹചര്യങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ബാറ്റാർമാരിൽ ഒരാളാണ് വിഹാരി. 2017 ന് ശേഷം ഓവർസീസിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച ടെസ്റ്റ് ബാറ്ററും വിഹാരിയാണ്. ഇതേ കാലയളവില്‍ ഹോമിൽ ഏറ്റവും മികച്ച ബാറ്ററും മറ്റാരുമല്ല. കുറഞ്ഞത് 7000 ഫസ്റ്റ് ക്ലാസ് റൺസ് നേടിയവരിൽ സ്റ്റീവ് സ്മിത്തിന് മാത്രം താഴെ രണ്ടാമത്തെ മികച്ച ആവറേജിന് ഉടമയും ഹനുമ വിഹാരി ആണ്.
പരിക്കുകൾ മൂലം ഒരുപാട് അവസരങ്ങള്‍ നഷ്ടമായ പ്രതിഭയാണ് ഹനുമ വിഹാരി എന്ന 28-കാരൻ. അയാൾ പൂർണമായും ഫിറ്റ് ആയി ഇരിക്കുന്ന ഈ സാഹചര്യത്തില്‍ അയാളെ കാരണങ്ങള്‍ ഇല്ലാതെ പുറത്താക്കിയത് നീതികേട് തന്നയാണ്. എന്തായാലും സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള എ ടീമിനൊപ്പം വിഹാരിയും ഉണ്ട്, അവിടെയും മികച്ച പ്രകടനങ്ങൾ നടത്തിയാൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള സീനിയർ ടീമിൽ ഇടം ലഭിച്ചേക്കും എന്നാണ് ബിസിസിഐ പറയുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.