in

LOVELOVE

ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയവും കളിയിലെ താരമായ ശ്രീശാന്തും…

സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ മികച്ച ഓർമകളിൽ പ്രിയപ്പെട്ടത് ശ്രീശാന്തിനെ കുറിച്ചുള്ളതാണ്. ജാക് കാലിസിനെ പുറത്താക്കിയ ബൗൺസർ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല. പക്ഷേ ഏറ്റവും തിളക്കമാർന്ന പ്രകടനം വന്നത് 2006 ലാണ്! അന്ന് ആദ്യമായി സൗത്ത് ആഫ്രിക്കയിൽ ഇന്ത്യ ഒരു ടെസ്റ്റ് വിജയം നേടുമ്പോൾ മത്സരത്തിൽ എട്ടുവിക്കറ്റുകൾ നേടി താരമായത് ശ്രീശാന്ത് ആണ്! ഗ്രേയം സ്മിത്ത്, ഹാഷിം അംല, ജാക് കാലിസ് തുടങ്ങിയ പ്രമുഖരെ രണ്ട് ഇന്നിങ്സിലും പുറത്താക്കിയ പ്രകടനത്തെ എങ്ങനെ മറക്കും!

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകക്രിക്കറ്റിന്റെ നെറുകയില്‍ ഇരിക്കുമ്പോഴും, വിരാട് കോലിക്ക് കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമായി തുടരുമ്പോഴും, ഇന്ത്യക്ക് പരമ്പര വിജയം അന്യം നിൽക്കുന്ന മണ്ണാണ് സൗത്ത് ആഫ്രിക്ക. വിരാട് കോലിയ്ക്കും സംഘത്തിനും ആഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നാളെ ആരംഭിക്കുന്ന പരമ്പര! മറ്റൊരു സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഓർമകൾ ചെന്നെത്തുന്നത് സൗത്ത് ആഫ്രിക്കൻ മണ്ണിൽ ഇന്ത്യ നേടിയ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് ആണ്. അന്ന് രാഹുൽ ദ്രാവിഡിന്റെ സംഘത്തിന് വിജയ വഴി കാട്ടിയത് 23 കാരൻ ശ്രീശാന്ത് ആണ്! നമ്മുടെ സ്വന്തം ശ്രീ!

2006 ലെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ്, വേദി ജോഹന്നാസ് ബർഗിലെ വാണ്ടറേർസ് സ്റ്റേഡിയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഒപണർമാരെ പെട്ടെന്ന് നഷ്ടമായി. മധ്യനിരയിലെ നാല് വമ്പന്മാർക്കും നല്ല തുടക്കം കിട്ടി എങ്കിലും അത് മുതലെടുക്കാനായില്ല. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ സൗരവ് ഗാംഗുലിയുടെ ഫിഫ്റ്റിയുടെ ബലത്തിൽ ഇന്ത്യ 249 റൺസ് എന്ന ടോടലാണ് നേടിയത്. ഗ്രേയം സ്മിത്തും ഹാഷിം അംലയും ജാക് കാലിസും ഒക്കെയടങ്ങുന്ന സൗത്ത് ആഫ്രിക്കൻ ബാറ്റിങ് നിരക്ക് അതൊരു ചാലഞ്ച് ആയി കണക്കാക്കാൻ ആവില്ല.

പക്ഷേ തന്റെ ആറാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കുന്ന യുവ പേസർ ശ്രീശാന്തിന് വേറെ പദ്ധതികൾ ഉണ്ടായിരുന്നു. ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിൽ തന്നെ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ശ്രീ തുടക്കമിട്ടു. പിന്നീട് ഹാഷിം അംലയെ പൂജ്യത്തിനും കാലിസിനെ 12 റൺസിനും പുറത്താക്കി സൗത്ത് ആഫ്രിക്കയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടു. ഒടുവിൽ മാർക്ക് ബൗച്ചറുടെ സ്റ്റംപ് പിഴുത് നാലാം വിക്കറ്റും പൊള്ളോക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി തന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവും സ്വന്തമാക്കി ആണ് ശ്രീ അവസാനിപ്പിച്ചത്.

സഹീറും കുംബ്ലെയും വിആർവി സിങും ബാക്കിയുള്ളവരെ പുറത്താക്കിയപ്പോള്‍ സൗത്ത് ആഫ്രിക്കയെ 84 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ആദ്യ ഇന്നിങ്സിൽ 165 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ വിവിഎസ് ലക്ഷ്മൺ – സഹീർ ഖാൻ കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 236 റൺസ് നേടി. ആ ഇന്നിങ്സിലും നാടകീയത നിറഞ്ഞ പ്രകടനവുമായി ശ്രീ ശ്രദ്ധ നേടി, ഇത്തവണ ബാറ്റ് കൊണ്ടാണ് എന്ന് മാത്രം! തന്നോട് കയർത്ത സൗത്ത് ആഫ്രിക്കൻ പേസർ ആന്ദ്രേ നെല്ലിന്റെ പന്ത് തലക്ക് മുകളിലൂടെ പറത്തി സിക്സർ നേടിയതും പിന്നാലെ ബാറ്റ് കറക്കി നൃത്തച്ചുവടുമായി നെല്ലിന് നേരെ അടുത്തതും ഒക്കെ പലപ്പോഴായി ആഘോഷമാക്കിയ കാഴ്ചകളാണ്.

എന്തായാലും നാലാം ഇന്നിങ്സിൽ 402 റൺസ് ലക്ഷ്യം തേടി ഇറങ്ങിയ സൗത്ത് ആഫ്രിക്കയെ നിലയുറപ്പക്കാൻ ഇന്ത്യൻ പേസർമാർ അനുവദിച്ചിച്ചില്ല. രണ്ട്, മൂന്ന്, നാല് വിക്കറ്റുകളായി ഗ്രേയം സ്മിത്ത്, ഹാഷിം അംല, ജാക് കാലിസ് എന്നീ വമ്പന്മാരെ വീണ്ടും പുറത്താക്കി ശ്രീശാന്ത് വീണ്ടും ആതിഥേയർക്ക് തലവേദന ആയി. ഒപ്പം മൂന്ന് വിക്കറ്റുകൾ വീതം നേടിയ സഹീർ ഖാന്റെയും അനിൽ കുംബ്ലെയുടെയും മികവിൽ ആഫ്രിക്കയെ 278 റൺസിന് പുറത്താക്കാനും 123 റൺസിന്റെ മികച്ച വിജയം നേടാനും ഇന്ത്യൻ ടീമിനായി! സൗത്ത് ആഫ്രിക്കൻ മണ്ണിലെ ആദ്യ വിജയം! രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റുകൾ പിഴുത ശ്രീശാന്ത് മാൻ ഓഫ് ദ മാച്ചും!

ചെകുത്താന്മാർക്ക് ലഭിച്ച ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം..

“എംബാപ്പെയും ഹാലൻഡും ബെർണബുവിൽ കളിക്കാനാഗ്രഹിക്കുന്നു” -റയലിന്റെ ഭാവിയെ പറ്റി പരിശീലകൻ സംസാരിക്കുന്നു…