നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ടീം ഇനിയും ഒരുപാട് മേഖലകളിൽ മെച്ചപ്പെടാനുണ്ട്. അതിനാൽ പരിശീലനം കഠിനമാക്കി ഇനിയുള്ള മത്സരങ്ങളിലേക്ക് കൃത്യമായ തയ്യാറെടുപ്പുകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തേണ്ടത്. എന്നാൽ അന്താരാഷ്ട്ര ഇടവേളയായതിനാൽ ബ്ലാസ്റ്റേഴ്‌സ് പരിശീലനം ഒഴിവാക്കി വിശ്രമത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും അവധി ആഘോഷിക്കാൻ നാട്ടിലേക്കും വിദേശത്തേക്കും പോയിട്ടുണ്ട്. പക്ഷെ ഇതിനിടയിൽ വിശ്രമം പോലുമില്ലാതെ കഠിന പരിശീലനം നടത്തുകയാണ് മറ്റൊരു ഐഎസ്എൽ ടീം.
പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ജംഷദ്പൂർ എഫ്സിയാണ് അന്താരാഷ്ട്ര ഇടവേളയെടുക്കാതെ ഇടവേളയായി ലഭിച്ച 12 ദിവസവും പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിൽ ജംഷഡ്പൂർ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ടീമിലെ പോരായ്‌മകൾ മറികടക്കാൻ ജംഷഡ്പൂർ അവധിയെടുക്കാതെ പരിശീലനം നടത്തുന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സാവട്ടെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും ടീമിന്റെ പോരായ്‌മകൾ വെളിവാകുകയും ചെയ്തിട്ടും ജംഷഡ്പൂർ കാണിക്കുന്ന ആത്മാർത്ഥ പോലും ബ്ലാസ്റ്റേഴ്‌സ് കാണിക്കുന്നില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും വിബിൻ മോഹൻ മാത്രമാണ് ദേശീയ ടീമിലേക്ക് പോയിട്ടുള്ളത്. അതിനാൽ ബ്ലാസ്റ്റേഴ്സിന് പരിശീലനം നടത്താൻ വലിയ പ്രതിസന്ധികളൊന്നും ഉണ്ടായിരുന്നില്ല താനും. എന്നിട്ടും ആ അവസരം ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചില്ല.
അതേ സമയം സീസണിലെ ഒമ്പതാം മത്സരത്തിന് ചെന്നൈയിൻ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്. കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിലാണ് മത്സരം.