ഐഎസ്എല്ലിൽ വിന്റർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ജനുവരി ഒന്നിന് ആരംഭിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ പല ടീമുകളും വമ്പൻ അഴിച്ച് പണി ലക്ഷ്യമിടുന്നുണ്ട്. പോയ്ന്റ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് പ്രധാനമായും അഴിച്ച് പണിക്കൊരുങ്ങുന്നത്. ഇപ്പോഴിതാ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് വമ്പൻ സൈനിങ് നടത്താനൊരുങ്ങുകയാണ് കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ.
പുതിയ പരിശീലകൻ ഓസ്കർ ബ്രൂസോണിന്റെ കീഴിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ഈസ്റ്റ് ബംഗാളിൽ ബ്രൂസോൺ ചില വമ്പൻ സൈനിംഗുകളും നടത്താൻ ഒരുങ്ങുകയാണ്. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് രണ്ട് ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുമായി ഈസ്റ്റ് ബംഗാൾ ചർച്ചയിലാണ്.
ഉസ്‌ബെക്കിസ്ഥാൻ സെന്റർ ബാക്ക് ബോബർബെക്ക് യുൽദാഷോവ്, ഉസ്‌ബെക്കിസ്ഥാൻ താരവും ഡിഫൻസീവ് മിഡ്ഫീൽഡറുമായ അസ്രോർ ഗോഫുറോവ് എന്നീ രണ്ട് താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇരുവരുമായും ഈസ്റ്റ് ബംഗാൾ ചർച്ചയിലാണ്.
ഏഷ്യൻ ക്ലബ് ഫുട്ബോളിലെ പ്രധാന താരങ്ങളാണ് 31 കാരനായ യുൽദാഷോവും 29 കാരനായ ഗോഫുറോവും. ഇരുവരും നിലവിൽ ഉസ്‌ബെക്കിസ്ഥാൻ ലീഗിലാണ് കളിക്കുന്നത്. ഇരുവരുടെയും കരാർ ഈ വർഷം ഡിസംബർ 31 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ നീക്കം.
അതേ സമയം, സ്പാനിഷ് ഡിഫൻഡർ ഹെക്റ്റർ യുറ്റ്സെ, ബ്രസീലിയൻ മുന്നേറ്റ താരം ക്ളിറ്റൻ സിൽവ എന്നിവരെ ഡിസംബർ അവസാനത്തോടെ ക്ലബ് റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇരുവർക്കും പകരക്കാരായാണ് ക്ലബ് രണ്ട് ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ നോട്ടമിടുന്നത്.