സ്വന്തം ക്ലബ്ബിൽ കളിച്ച താരത്തെ നമ്മൾ കൃത്യമായി ഉപയോഗിക്കാതെ മറ്റൊരു ക്ലബിന് കൈമാറിയ ശേഷം ആ ക്ലബ്ബിൽ ആ താരം മികച്ച പ്രകടനം നടത്തുമ്പോൾ ആരാധകർക് സ്വാഭാവികമായും നിരാശയുണ്ടാവും. മൊഹമ്മദ് സലാഹ് ചെൽസിയിൽ കളിച്ച സമയത്ത് പ്രീമിയർ ലീഗിന് യോജിക്കാത്ത താരമെന്ന് പറഞ്ഞ് ഹോസെ മൗറിഞ്ഞോ താരത്തെ ഒഴിവാക്കിയപ്പോൾ, പിന്നീട് സലാഹ് റോമയിലും ലിവർപൂളിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന്റെ നിരാശ ഇന്നും ചെൽസി ആരാധകർക്കുണ്ട്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സും കൃത്യമായി ഉപയോഗിക്കാത്ത ഒരു താരമുണ്ട്. ആ താരം നിലവിൽ ഐഎസ്എല്ലിലെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ കൂടിയാണ്.
പറഞ്ഞ് വരുന്നത് നിലവിലെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ പ്രതിരോധ താരങ്ങളിൽ ഒരാളായ മലയാളി താരം അലക്സ് സജിയെ കുറിച്ചാണ്. 2017 മൂതൽ 2019 വരെ അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ‘ബി’ ടീമിലെ താരമായിരുന്ന സജിയെ ആ സമയത്ത് ബ്ലാസ്റ്റേഴ്‌സ് കൃത്യമായി ഉപയോഗിച്ച് പോലുമില്ല. വിരലിലെണ്ണാവുന്ന മത്സരം മാത്രമാണ് അദ്ദേഹത്തിന് ബി ടീമിൽ ലഭിച്ചത്.
പിന്നീട് ഗോകുലം കേരളയിലേക്കും ഹൈദരാബാദ് എഫ്സിയിലേക്കും ലോണിൽ നോർത്ത് ഈസ്റ്റിലേക്കും പോയ താരം പതിയെ പതിയെ കരിയർ ഗ്രാഫ് ഉയർത്താൻ തുടങ്ങി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ സ്വന്തമാക്കാൻ ശ്രമിച്ച താരം കൂടിയാണ് അലക്സ് സജി.
ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ തന്നെ മികച്ച പ്രതിരോധ താരമായി ഈ 24 കാരൻ മാറുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട് പദ്ധതികളും പാളി എന്നത് വ്യക്തമാണ്. താരം ആദ്യമായി കളിച്ച ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് എന്നതും ശ്രദ്ധേയമാണ്.
ഒരു താരത്തിന്റെ പൊട്ടൻഷ്യലുകളും മനസിലാക്കുന്നതാണ് ഗ്രാസ് റൂട്ടിലെ ഏറ്റവും മികച്ച നീക്കം. എന്നാൽ അലക്സ് സജിയുടെ പൊട്ടൻഷ്യൽ മനസിലാക്കാൻ അന്നത്തെ ഗ്രാസ് റൂട്ട് ടീമിന് സാധിച്ചില്ല എന്നത് യാഥാർഥ്യമാണ്.