സമീപകാല പ്രകടനങ്ങൾ മികച്ചതായിട്ടും ബ്ലാസ്റ്റേഴ്‌സ് ഇന്നും കൃത്യമായി അവസരം കൊടുക്കാത്ത താരങ്ങളുടെ പട്ടികയിൽ ഒട്ടനവധി താരങ്ങളുണ്ട്. അത്തരത്തിലൊരു താരത്തെ പറ്റിയാണ് ഇന്ന് പ്രതിപാദിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലെ മാസ്സ് ഡയലോഗ് പോലെ സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുന്നു എന്ന പ്രയോഗത്തോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന ഒരു യുവപ്രതിഭ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ യുവ സ്‌ട്രൈക്കർ മുഹമ്മദ് അജ്‌സലാണ് ആ താരം. നേരത്തെ പല തവണ അജ്‌സലിനെ പറ്റിയും താരത്തിന്റെ പ്രകടനത്തെ പറ്റിയും ബ്ലാസ്റ്റേഴ്‌സ് താരത്തെ അവഗണിക്കുന്നതിനെ കുറിച്ചുമൊക്കെ എഴുതിയതാണ്. പക്ഷെ വീണ്ടും ആവർത്തിച്ചെഴുതുന്നത് അജ്‌സൽ ആവർത്തിക്കുന്ന മികച്ച പ്രകടനങ്ങൾ കൊണ്ടാണ്. നിലവിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും ഫോമിലാണ് ഈ കോഴിക്കോട്ടുകാരൻ.
ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തും മത്സരപരിചയം അജ്‌സലിനുണ്ട്. 2021 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ അജസൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം വായ്പ താരമാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 21 ടീമിനായി നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ, 2022-23 സീസണിലെ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ. തീർന്നില്ല, ഐ ലീഗിലും അജ്‌സൽ മികച്ച പ്രകടനമാണ് നടത്തിയത്.
കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിക്കായി കളിച്ച അജ്‌സൽ 14 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. കൂടുതലായും ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്യുന്ന അജ്‌സൽ 334 മിനുറ്റുകൾ മാത്രമാണ് ഇന്റർ കാശിക്കായി കളിച്ചത്. അതിൽ നിന്ന് തന്നെ താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.
മികച്ച ടാലന്റുള്ള താരമായിട്ടുണ്ട് അജ്‌സലിന് ബ്ലാസ്റ്റേഴ്‌സ് സീനിയർ സ്‌ക്വാഡിന്റെ പടിവാതിൽക്കൽ പോലും അവസരമില്ല എന്നത് അതിശയിപ്പിക്കുന്ന ഘടകമാണ്. ഇത്തവണ ഗോകുലം കേരളയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചത്. ഒന്നല്ലെങ്കിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് കൃത്യമായി ഉപയോഗിക്കുക, അല്ലെങ്കിൽ മറ്റേതങ്കിലും ക്ലബ്ബിൽ പോയി താരം രക്ഷപ്പെടട്ടെ എന്നതാണ് പ്രാർത്ഥന.