ഇത്തവണത്തെ റിറ്റൻഷനിലും ലേലത്തിലും മികച്ച ടീമിനെ സൃഷ്ടിക്കാനായില്ല എന്ന വിമർശനം ആരാധകർ രാജസ്ഥാൻ റോയല്സിനെതിരെ ഉയർത്തിയിരുന്നു. പ്രധാനമായും അശ്വിൻ- ചഹൽ എന്നീ സ്പിൻ ത്രയങ്ങളെ കൈവിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാലിപ്പോഴിതാ രാജസ്ഥാന്റെ സ്പിൻ ആക്രമണത്തിന് മൂർച്ച കൂട്ടി റോയൽസ് ലേലത്തിൽ സ്വന്തമാക്കിയ യുവതാരം കിടിലൻ പ്രകടനം നടത്തുകയാണ്.
സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിൽ വിക്കറ്റുകൾ വാരിക്കൂട്ടുകയാണ് രാജസ്ഥാൻ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് സ്വന്തമാക്കിയ 26 കാരൻ കുമാർ കാർത്തികേയ. മധ്യപ്രദേശിനായി ജേഴ്സിയണിഞ്ഞ താരം ഗ്രൂപ്പുഘട്ടമല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ മഹാരാഷ്ട്രയുടെ മുകേഷ് ചൗധരിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ്.
മധ്യ പ്രദേശിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും 7.10 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 25 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് താരത്തിന്റെ ഇത്വരെയുള്ള മികച്ച പ്രകടനം.
2022ല്‍ മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് കാർത്തികേയ. കഴിഞ്ഞ സീസണ്‍ വരെ കാര്‍ത്തികേയ മുംബൈ ടീമിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് താരത്തെ അവര്‍ കൈവിടുകയായിരുന്നു. ലേലത്തില്‍ കാര്‍ത്തികേയയെ തിരികെ വാങ്ങാന്‍ മുംബൈ ശ്രമിച്ചതുമില്ല. തുടര്‍ന്നാണ് ലേലത്തില്‍ അദ്ദേഹത്തെ റോയല്‍സ് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി രണ്ടു സീസണുകളിൽ കളിച്ച കാർത്തികേയ 12 മല്‍സരങ്ങളില്‍ നിന്നും 8.44 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്‌തിട്ടുണ്ട്.