കേരളാ ബ്ലാസ്റ്റേഴ്സിന് നിലവിൽ പ്രതിരോധത്തിൽ ചില പ്രശനങ്ങളുണ്ട്. ഐബാന്റെ പരിക്കും സന്ദീപ് സിംഗിന്റെ മോശം ഫോമും പ്രഭീർ ദാസ് ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്താതും ഡിഫൻസിന് തലവേദനയാണ്. എന്നാൽ ഈ തലവേദനയ്ക്കിടയിൽ പ്രതിരോധത്തിലെ ഒരു യുവതാരം കൂടി ഇപ്പോൾ സസ്‌പെൻഷൻ ഭീഷണിയിലാണ്.
ഐഎസ്എൽ നിയമപ്രകാരം ഒരു താരത്തിന് നാല് മഞ്ഞക്കാർഡുകൾ ലഭിച്ചാൽ ഒരു മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കും. ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന പ്രതിരോധ താരം നവോച്ച സിങ്ങിന് ഇതിനോടകം 3 മഞ്ഞക്കാർഡുകൾ ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കൂടി മഞ്ഞക്കാർഡ് ലഭിക്കുകയാണ് എങ്കിൽ താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നഷ്ടവും.
നവോച്ചയ്ക്ക് സസ്‌പെൻഷൻ ലഭിച്ചാൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. അതിനുള്ള കാരണം നിലവിലെ ഡിഫൻസിലെ പ്രശ്‍നങ്ങളാണ്. അതിനിടയിൽ നവോച്ച കൂടി പുറത്തിരുന്നാൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമാവും. കൂടാതെ നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഠിനാധ്വാനം ചെയ്യുന്ന നവോച്ച കൂടി പോയാൽ ബ്ലാസ്റ്റേഴ്‌സ് ഒരൽപം പ്രതിരോധത്തിലാവും.
ഡിഫൻസിൽ പിടിപ്പത് പണിയുള്ള താരത്തിൽ പലപ്പോഴും എതിരാളികൾ തന്നെ മറികടന്ന് പോകുമ്പോൾ ഫൗൾ ചെയ്ത് എതിരാളിയുടെ മുന്നേറ്റം തടയുകയല്ലാതെ വേറെ വഴികളില്ല. അതിനാൽ കാർഡ് ലഭിക്കാൻ ഏറ്റവും സാധ്യതയുള്ള താരം കൂടിയാണ് നവോച്ച.
അതേ സമയം ഹൈദരാബാദിനെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. അവസാന രണ്ട് കളിയിലെ തോൽവിയെ തുടർന്ന് ആരാധകർ ബ്ലാസ്റ്റേഴ്‌സുമായി ഒരൽപം അകലം പാലിക്കുന്നുണ്ട്. ഈ അകലം കുറയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.