കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ പ്ലേ ഓഫിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് പിറകെ മത്സരം പൂർത്തിയാക്കാതെ കളം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് പല ഫുട്ബോൾ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 2015 ൽ ഐ എസ് എൽ ഫൈനലിനു ശേഷം എഫ് സി ഗോവ സമ്മാനദാന ചടങ്ങിന് നിൽക്കാത്തതിനെ തുടർന്ന് ഗോവ അന്ന് വലിയ തുക പിഴ ഈടാക്കിയെന്നും കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് അതിനേക്കാൾ കടുത്ത കാര്യം ആയതിനാൽ കേരള ബ്ലാസ്റ്റേഴ്സ് കനത്ത നടപടി നേരിടേണ്ടതായി വരുമെന്നാണ് പലരും അഭിപ്രായപെട്ടത്.
കേരളാ ബ്ലാസ്റ്റേഴ്സിന് സസ്പെൻഷൻ ലഭിക്കാനോ പോയിന്റ് കുറക്കാനോ സാധ്യതയുണ്ട് എന്ന് മാർക്കസ് പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഐഎസ്എൽ സംഘാടകർ തയ്യാറാവുമോ?
2015 ൽ എഫ്സി ഗോവയ്ക്ക് വലിയ പിഴ ഈടാക്കിയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും 2015 ലെ ഫൈനലിനു ശേഷം എഫ് സി ഗോവ സമ്മാനദാന ചടങ്ങിന് നിൽക്കാത്തതിന് ഐഎസ്എൽ അധികൃതർ ആദ്യം നൽകിയിരുന്ന ശിക്ഷ അടുത്ത സീസണിൽ ഗോവയുടെ പോയിന്റുകൾ കുറയ്ക്കുക എന്നുള്ളതായിരുന്നു. അതായത് തൊട്ടടുത്ത വർഷം ഗോവയുടെ പോയിന്റുകൾ ആരംഭിക്കുക മൈനസ് പോയിന്റുകളിൽ നിന്നായിരിക്കും എന്ന നടപടിയാണ് ആദ്യം ഐഎസ്എൽ അധികൃതർ എടുത്തത്. ഇത് അന്ന്പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത കാര്യമാണ്. എന്നാൽ അടുത്ത സീസണിൽ പോയിന്റുകൾ കുറയ്ക്കുമെങ്കിൽ അടുത്ത സീസണിൽ കളിക്കാൻ തങ്ങൾ ഉണ്ടാവില്ല എന്ന നിലപാട് എഫ്സി ഗോവ എടുത്തതോടെയാണ് ഗോവയ്ക്ക് മേലുള്ള നടപടി ഐഎസ്എൽ അധികൃതർ കേവലം പിഴയിൽ ഒതുക്കുകയായിരുന്നു.
അന്ന് ഐഎസ്എല്ലിൽ കേവലം 8 ക്ലബ്ബുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ഗോവ ലീഗ് ബഹിഷ്കരിച്ചാൽ അത് ലീഗിനെ ബാധിക്കുമെന്ന ഭയത്തിലാണ് ഗോവയോടുള്ള നിലപാട് ഐഎസ്എൽ അന്ന് മയപ്പെടുത്തിയത്. അതിനാൽ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനോടും സമാന നിലപാട് തന്നെയായിരിക്കും ഐഎസ്എൽ അധികൃതർ സ്വീകരിക്കുക.
ഐഎസ്എല്ലിന്റെ വിജയത്തിന് നിർണായക പങ്ക് വഹിക്കുന്ന ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടി സ്വീകരിച്ചാൽ അത് ബാധിക്കുക ഐഎസ്എല്ലിനെ തന്നെയിരിക്കും. അതിനാൽ ഒരിക്കലും ഈ വിഷയത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ സസ്പെൻഷനോ പോയിന്റ് കുറക്കാനോ എസ്സ് എൽ തയ്യാറാവില്ല. വിഷയത്തിന്റെ ചൂട് സമൂഹ മാധ്യമങ്ങളിലടക്കം തണുക്കുമ്പോൾ ഒരു പിഴ ഈടാക്കി വിഷയത്തെ ഒതുക്കാനായിരിക്കും ഐഎസ്എൽ അധികൃതർ ശ്രമിക്കുക.