നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൊറോക്കൻ മുന്നേറ്റ താരം അലാദീൻ അജാറൈയെ പറ്റി നേരത്തെ പല തവണ പ്രതിപാദിച്ചതാണ്. എന്നാൽ ഓരോ മത്സരം കഴിയുന്തോറും മികച്ച പ്രകടനം പുറത്തെടുക്കുന്ന അജാറൈയുടെ കഴിവിനെ പറ്റിയും ഇന്നലെ നടന്ന മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കിയ റെക്കോർഡുകളെ പറ്റിയും പ്രതിപാദിക്കാതിരിക്കാൻ വയ്യ.
കഴിഞ്ഞ ദിവസം ഒഡീഷയ്ക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി നോർത്ത് ഈസ്റ്റ് വിജയിച്ചപ്പോൾ ഇരട്ട ഗോളുകളാണ് അജാറൈ നേടിയത്. ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്. നിലവിൽ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒമ്പത് ഗോളുമായി അജാറൈ ഒന്നാമനാണ്. തീർന്നില്ല, സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരുടെ പേരിൽ 4 അസിസ്റ്റുമായി താരം തന്നെയാണ് ഒന്നാമൻ. ചുരുക്കി പറഞ്ഞാൽ സീസണിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും അസിസ്റ്റ് പ്രൊവൈഡറും ഒരാൾ തന്നെ.
ഐഎസ്എൽ ചരിത്രത്തിൽ തുടർച്ചയായ 7 മത്സരങ്ങളിൽ ഗോൾ നേടുന്ന ഏക താരമെന്ന റെക്കോർഡ് കൂടി ഇന്നലെത്തെ മത്സരത്തിൽ താരം നേടിയിരിക്കുകയാണ്. അതേ സമയം തുടർച്ചയായ 6 മത്സരങ്ങളിൽ ഗോൾ നേടിയ അർമാൻഡോ സാദിക്കുവും ഈ നേട്ടത്തിൽ അജാറൈയ്ക്ക് പിന്നിലുണ്ട്.
എന്തായാലും ഐഎസ്എല്ലിലെ ഒരൊറ്റ സീസൺ കൊണ്ട് തന്നെ ലീഗിലെ ഇതിഹാസ തുല്യമായ ഒരു താരമായി അജാറൈ മാറുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ താരത്തിന് നോർത്ത് ഈസ്റ്റിൽ 2025 വരെയാണ് കരാറുള്ളത്. അതിനാൽ അടുത്ത സീസണിൽ താരത്തിനായി വലിയ ഇടപെടൽ തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടാകും.
അതേ സമയം ഈ സീസണിലെ ഏറ്റവും മികച്ച വിദേശ താരമായി കായിക മാധ്യമമായ ബ്രിഡ്ജ് തിരഞ്ഞെടുത്തതും ഈ മൊറോക്കോക്കാരനെയാണ്.