പ്രഥമ സീസണിൽ തന്നെ മികച്ച വിജയമാണ് സൂപ്പർ ലീഗ് കേരളാ നേടിയെടുത്തത്. ലീഗിനെ ജനകീയമാക്കുന്നതിലും സ്റ്റേഡിയത്തിൽ ആളുകളെ എത്തിക്കുന്നതിലും കൊമേഴ്ഷ്യൽ തന്ത്രങ്ങളിലും സൂപ്പർ ലീഗ് കേരള ആദ്യ സീസണിൽ തന്നെ വിജയിച്ചു. എന്നാൽ അടുത്ത സീസൺ ഇതിലും മികച്ച രീതിയിൽ നടത്താനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് പുതിയ ടീമുകളെ കൂടി സൂപ്പർ ലീഗ് പരിഗണിക്കുകയാണ്.
കാലിക്കറ്റ്, മലപ്പുറം, കണ്ണൂർ, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നീ ടീമുകളാണ് നിലവിലുള്ളത്. ഇവർക്ക് പുറമെ രണ്ട് ടീമുകളെ കൂടി അടുത്ത സീസണിൽ പങ്കെടുപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. മലയാള മാധ്യമമായ റിപ്പോർട്ടർ ലൈവിന്റെ വാർത്ത അനുസരിച്ച് കാസര്‍കോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെ പരിഗണിക്കുന്നുണ്ടെന്നും ഇതിൽ നിന്ന് ഏതെങ്കിലും രണ്ട് ടീമുകൾ അടുത്ത സീസണിൽ ഉണ്ടാവുമെന്നുമാണ്.അടുത്ത സീസണിൽ പുതിയ ടീമുകളെ ചേർക്കുന്നതിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ സൂപ്പർ ലീഗിന്റെ മത്സരങ്ങളുടെ എണ്ണവും ജനകീയതയും വീണ്ടും വർധിക്കും. കൂടാതെ മല്സരങ്ങൾ സംസ്ഥാനത്തേക്ക് മുഴുവൻ വ്യാപിപ്പിക്കാനുള്ള നീക്കവും സൂപ്പർ ലീഗ് അധികൃതർ നടത്തുന്നുണ്ട്.
നിലവിൽ കോഴിക്കോട്, മഞ്ചേരി, കൊച്ചി എന്നിവിടങ്ങളിൽ മാത്രമാണ് സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. ഈ സ്റേഡിയങ്ങൾക്ക് പുറമെ കൂടുതൽ സ്റ്റേഡിയങ്ങൾ ലഭ്യമാവുമോ എന്ന കാര്യമടക്കം പരിശോധിക്കുന്നുണ്ട്.
ഏതായാലും ഇത്തവണ അവസാനിച്ച സൂപ്പർ ലീഗ് കേരളയെക്കാൾ ഒന്ന് കൂടി മികച്ച സീസണായിരിക്കും ഇനി വരാനിരിക്കുക.
context: reporter live