കാളക്കൂറ്റൻ കരുത്തുള്ള സ്പാനിഷ് പ്രതിരോധത്തിന്റെ ഉരുക്ക് കോട്ട ഇന്ത്യൻ സൂപ്പർ ലീഗിൽ കെട്ടിപ്പടുത്ത സ്പാനിഷ് സെൻറർ ബാക്ക് വിക്ടർ മോങ്കിൽ വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നു. പോയ വർഷങ്ങളിൽ നേരിട്ട ദുരന്തങ്ങൾ മറക്കുവാൻ ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരിൽ ഒരാളായ ഒഡീഷ എഫ് സി ബൂട്ട് കെട്ടുന്നത്.
നിരവധി മികച്ച ഇന്ത്യൻ യുവതാരങ്ങളെ സ്വന്തം ടീമിലെത്തിച്ചതിന് പിന്നാലെ വിദേശ താരങ്ങളുടെ സൈനിങ്ങിലേക്ക്
തിരിഞ്ഞപ്പോഴും ഒഡീഷയുടെ വീരത്തിന് കുറവൊന്നുമില്ല. മധ്യനിരയും മുന്നേറ്റവും കെട്ടിപ്പടുത്ത ടീം ഇപ്പോൾ പ്രതിരോധത്തിലേക്ക് ഒരു കരുത്തനെ കൊണ്ടുവരികയാണ്.
കൊൽക്കത്ത ആസ്ഥാനമാക്കിയ എടികെയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വിക്ടർ മോങ്കിലിനെ ആണ് അവർ ഇപ്പോൾ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
29 വയസ്സുള്ള താരം ഇപ്പോൾ ഡൈനാമോ ടിബ്ലിസിയിൽ നിന്നുമാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങി വരുന്നത്. സ്പാനിഷ് ക്ലബ് റയൽ വല്ലഡോലോഡിന്റെ ബി ടീമിൽ കൂടി ശ്രദ്ധ നേടിയ താരമാണ് അദ്ദേഹം. പിന്നീട് അവരുടെ പ്രധാന ടീമിലേക്കും അത്ലറ്റികോ മാഡ്രിഡ് ബി ടീമിലേക്കും അദ്ദേഹം യാത്രയായി.
2020 ൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്ന അദ്ദേഹം അവരെ കിരീട ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. കൊൽക്കത്തക്ക് കിരീടം നേടിക്കൊടുത്തതിന് പിന്നാലെ അദ്ദേഹം സ്വന്തം ടീമിലേക്ക് മടങ്ങി.
അദ്ദേഹത്തിനെ വീണ്ടും ഇപ്പോൾ ഒഡീഷ ആണ് ഇന്ത്യൻ മണ്ണിലേക്ക് എത്തിക്കുന്നത്. ഒഡീഷയുടെ പ്രതിരോധം ഭേദിക്കാൻ വരുന്ന എതിർ മുന്നേറ്റ താരങ്ങളുടെ നീക്കങ്ങളുടെ മുനയൊടിക്കാൻ കരുത്തനായ അദ്ദേഹം ഈ സീസണിൽ അവർക്കൊപ്പം ഉണ്ടാകും .