പ്രൊ റെസ്ലിങ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്റ്റോറികളിൽ ഒന്നാണ് നിലവിൽ ഡബ്ല്യൂഡബ്ല്യൂഇയിൽ നടന്ന് കൊണ്ടിരിക്കുന്ന ബ്ലഡ് ലൈൻ സാഗയെന്ന് നിസ്സംശയം വിശേഷിപ്പിക്കാം. ഏതാണ്ട്, നാല് വർഷത്തോളം നീണ്ട് നിന്ന ബ്ലഡ് ലൈൻ സ്റ്റോറിയ്ക്ക് അടുത്ത റസൽമെനിയയിൽ തിരശ്ശീല വീഴാനാണ് സാധ്യത.
വിൻസ് മക്മാന്റെ കാലത്താണ് ബ്ലഡ് ലൈൻ സ്റ്റോറിയ്ക്ക് തുടക്കം കുറിച്ചതെങ്കിലും അതിനെ ഏറ്റവും പീക്ക് ലെവലിൽ എത്തിച്ചത് ട്രിപ്പിൾ എച്ചാണെന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. പോൾ ഹെയ്മനും റോമൻ റൈൻസും തുടക്കം കുറിച്ച ബ്ലഡ്ലൈൻ സാഗയിൽ പിന്നീട് ജെയ് ഉസോ, ജിമ്മി ഉസോ, സോളോ സികോവ, സാമി സെയ്ൻ എന്നിവരുമെത്തി. ഇടയിൽ ജെയ് ഉസോയും സാമിയും ബ്ലഡ് ലൈൻ വിട്ടെങ്കിലും കഴിഞ്ഞ റസൽ മെനിയയിൽ കോഡി റോഡ്സിനോട് പരാജയപ്പെട്ടതോടെ ബ്ലഡ് ലൈൻ സ്റ്റോറിക്ക് അവസാനമായെന്നാണ് പലരും കരുതിയത്. എന്നാൽ ബ്ലഡ് ലൈനിലെ സിവിൽ വാർ ഇനിയും ആരംഭിക്കാനുള്ളതേയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ബ്ലഡ്ലൈൻ സ്റ്റോറി എങ്ങനെ അവസാനിക്കുമെന്നും ബ്ലഡ് ലൈൻ സ്റ്റോറിയിലെ അടുത്ത സാധ്യതകളെ പറ്റിയും നമ്മുക്ക് പരിശോധിക്കാം..
നിലവിൽ റോമൻറെ അസാന്നിധ്യത്തിൽ സോളോയുടെ കീഴിൽ പുതിയ ബ്ലഡ് ലൈനാണ് മുന്നോട്ട് പോകുന്നത്. റോമന്റെ ബ്ലഡ് ലൈനല്ല, മറിച്ച് സ്വന്തമായി ഒരു ബ്ലഡ് ലൈൻ ഉണ്ടാക്കി അതിന്റെ ട്രൈബൽ ചീഫാവാനാണ് സോളോയുടെ നീക്കം. സോളോയെ ട്രൈബൽ ചീഫ് ആയി ടമ ടോംഗ, ടോഗ ലോയ, ജേക്കബ് ഫാറ്റു എന്നിവർ അംഗീകരിക്കുകയും അംഗീകരിക്കാത്ത പോൾ ഹെയ്മനെ അറ്റാക്ക് ചെയ്യുകയും ചെയ്തു. ബ്ലഡ്ലൈൻ സിവിൽ വാറിന്റെ തുടക്കം ഇവിടെ നിന്നാണ്.
അടുത്ത സർവീവിയർ സീരിയസ് വാർ ഗെയിമിൽ ബ്ലഡ് ലൈനിന്റെ ഇരു ഗ്രൂപ്പുകളും ഏറ്റുമുട്ടുന്നതോടെ ബ്ലഡ് ലൈൻ സിവിൽ വാറിന് ആരംഭമാവും. സോളോയുടെ ബ്ലഡ് ലൈനിനെതിരെ ജിമ്മി ഉസോ, ജെയ് ഉസോ, സാമി സെയ്ൻ, ഇവരെക്കൂടാതെ പുതിയ അംഗമായി സില്ലാ ഫാറ്റു എന്നിവരുടെ ബ്ലഡ് ലൈനായിരിക്കും ഏറ്റുമുട്ടുക. സാമി, ജെയ് എന്നിവരെ റോ ബ്രാൻഡിൽ നിന്നും സ്മാക്ക് ഡൗണിൽ എത്തിക്കുക പോൾ ഹെയ്മനായിരിക്കും.
വാർ ഗെയിമിന് ശേഷമായിരിക്കും റോമൻ തിരിച്ചെത്തുക. പിന്നീട് ബ്ലഡ് ലൈൻ സ്റ്റോറി ഏൻഡ് ഗെയിമിലേക്ക് കടക്കും. അടുത്ത റസൽ മാനിയയിൽ റോക്ക് v/s റോമൻ മാച്ചായിരിക്കും ബ്ലഡ്ലൈനിന്റെ ഏൻഡ്ഗെയിം.