2013 ൽ ആരംഭിച്ച ഫുട്ബോൾ ഫ്രാഞ്ചസി ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഫുട്ബോൾ സ്പോർട്സ് ഡെവെലമെൻറ് ലിമിറ്റഡും (FSDL) എഐഎഫ്എഫുമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകർ. ഇന്ത്യയിലെ പരമോന്നത ഫുട്ബോൾ സ്ഥാപനമായതിനാൽ എഐഎഫ്എഫ് ഐഎസ്എല്ലിന്റെ ഭാഗമായെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ആശയം എഫ്എസ്ഫ്എല്ലിന്റേതാണ്. എഐഎഫ്എഫിനേക്കാൾ അധിക പവറും ഐഎസ്എല്ലിൽ എഫ്എസ്ഡിഎല്ലിനുണ്ട്.
റഫറിമാരുടെ പിഴവുകൾ ഉണ്ടെങ്കിലും ഐഎസ്എല്ലിനെ ഇത്രയും ജനകീയമാക്കിയതും ഇന്ത്യൻ ഫുട്ബോളിന്റെ കൊമേഷ്യൽ സാധ്യതകൾ കണ്ടെത്തിയതും എഫ്എസ്ഡിഎല്ലാണ്. എന്നാൽ എഫ്എസ്ഡിഎൽ ഇല്ലാത്ത ഐഎസ്എൽ സീസണുകളാണോ ഇനി വരാനിരിക്കുന്നത് എന്നതാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രധാന ആശങ്ക.
കരാർ പ്രകാരം 2025 ജൂൺ മാസത്തോട് കൂടി എഫ്എസ്ഡിഎല്ലിന് ഐഎസ്എല്ലുമായും എഐഎഫ്എഫുമായുള്ള കരാർ അവസാനിക്കും. ഇത് വരെ എഫ്എസ്ഡിഎൽ ഐഎസ്എൽ സംഘടകത്വത്തിനുള്ള കരാർ പുതുക്കിയിട്ടില്ല. എഫ്എസ്ഡിഎൽ കരാർ പുതുക്കിയില്ല എങ്കിലും ഐഎസ്എൽ ഇനിയുള്ള സീസണുകളിലും തുടർന്ന് പോകും. പക്ഷെ അവിടെയും പ്രശ്നങ്ങളുണ്ട്.
എഫ്എസ്ഡിഎൽ കരാർ പുതുക്കിയില്ല എങ്കിൽ എഐഎഫ്എഫായിരിക്കും ഐഎസ്എല്ലിന്റെ സംഘാടകർ. റിലഗേഷൻ അടക്കമുള്ള കാര്യങ്ങൾ കൊണ്ട് വരാൻ എഐഎഫ്എഫിന് സാധിക്കുമെങ്കിലും എഐഎഫ്എഫ് ഐഎസ്എല്ലിന്റെ സംഘാടകത്വം പൂർണമായും ഏറ്റെടുത്താൽ ഐഎസ്എൽ വൻ പരാജയമാകാൻ സാധ്യതയുണ്ട്.
നേരത്തെ എഐഎഫ്എഫ് ആരംഭിച്ച ഐ- ലീഗിനെ യാതൊരു തരത്തിലും ജനകീയമാക്കാൻ എഐഎഫ്എഫിന് സാധിച്ചിരുന്നില്ല. ഇപ്പോഴും ഐ- ലീഗിന്റെ കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കാൻ എഐഎഫ്എഫിന് സാധിച്ചിരുന്നില്ല. ഏറെ വൈകിയാണ് ഇത്തവണത്തെ ഐഎസ്എല്ലിന്റെ ഫിക്സറുകൾ പോലും എഐഎഫ്എഫ് പുറത്ത് വിട്ടത്. കൂടാതെ ഇത്തവണത്തെ സൂപ്പർ കപ്പിന്റെ കാര്യത്തിൽ പോലും എഐഎഫ്എഫിന്റെ സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.
ഇത്തരത്തിൽ സംഘടകത്വത്തിലും ജനകീയത സൃഷ്ടിക്കുന്നതിലും ഫുട്ബാളിന്റെ കൊമേഷ്യൽ സാധ്യതകളും തിരിച്ചറിയാത്ത എഐഎഫ്എഫ് ഐഎസ്എല്ലിന്റെ സംഘാടകത്വം ഏറ്റെടുത്താൽ ഐഎസ്എല്ലിന് ഏതാണ്ട് മരണമണിയടിക്കുന്നതിന് തുല്യമാണ്.