ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റർസിനെതിരായ എവേ ഡെർബി മത്സരത്തിൽ ന്യൂ സൈനിങ് സ്പാനിഷ് താരം പാബ്ലോ പെരസ് റോഡ്രിഗസ് കളിക്കുമോ എന്ന കാര്യത്തിൽ അപ്ഡേറ്റ് നൽകി ബാംഗ്ലൂരു എഫ്സി പരിശീലകനായ സിമോൺ ഗ്രേയ്സൻ.
അൽപ്പം ദിവസങ്ങൾക്ക് മുൻപാണ് ബാംഗ്ലൂരു എഫ്സി മുൻ ലാലിഗ താരമായിരുന്ന, സ്പെയിനിലെ മുൻനിര ലീഗുകളിൽ കളിച്ചുപരിചയസമ്പത്തുള്ള സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ പാബ്ലോ പേരസിനെ സ്വന്തമാക്കിയത്.
തുടർന്ന് ബാംഗ്ലൂരു എഫ്സി ടീമിനോടൊപ്പം പരിശീലനം ആരംഭിച്ച താരത്തിന്റെ സേവനം ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ ലഭ്യമാകുമോ എന്ന ചോദ്യത്തിനാണ് ബാംഗ്ലൂരു എഫ്സി കോച്ച് വാർത്തസമ്മേളനത്തിൽ മറുപടി നൽകിയത്.
“കണ്ടിഷനിങ്ങിന്റെ കാര്യത്തിൽ പാബ്ലോ ഫിസിക്കലി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫുട്ബോൾ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടില്ല. പാബ്ലോ ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ കളിക്കുമോ എന്നത് സംബന്ധിച്ച് എനിക്ക് തീരുമാനം എടുക്കേണ്ടതായുണ്ട്. അവനെ കളിപ്പിക്കുന്നതിൽ എനിക്ക് തിരക്ക് പിടിക്കാനാവില്ല, കാരണം ഞാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.”
“പാബ്ലോയെ ഈ വാരാന്ത്യത്തിൽ കളിപ്പിച്ചെല്ലെങ്കിൽ അടുത്ത ആഴ്ച മുഴുവൻ പരിശീലനം നടത്തുകയും ജംഷഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.” – സിമോൺ ഗ്രേയ്സൻ പറഞ്ഞു.