സഹൽ അബ്ദുൽ സമദുമായി ബന്ധപെട്ടുള്ള റൂമറുകൾ ആദ്യ ഘട്ടത്തിൽ പ്രചരിക്കുമ്പോൾ തന്നെ പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ കുറിച്ച കാര്യമാണ് സഹലിനെ നല്ല വില ലഭിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്ന്. അന്ന് മാർക്കസ് പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്‌സ് നല്ല ഓഫർ വന്നപ്പോൾ സഹലിനെ വിൽക്കുകയും ചെയ്തു.
ഇപ്പോഴിതാ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാര്യത്തിൽ കൂടി മാർക്കസ് ഒരു അഭിപ്രായം പങ്ക് വെച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായ ഹോർമിപാമിനെ കുറിച്ചാണ് മാർക്കസിന്റെ അഭിപ്രായം.
ഹോർമി ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മാർക്കസ് നൽകിയ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ആശങ്ക നൽകിയിരിക്കുന്നത്. ഹോർമി കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഹോർമിയെ ബ്ലാസ്റ്റേഴ്‌സ് വിറ്റാലും അതിശയിക്കാനില്ല എന്നാണ് മാർക്കസ് മറുപടി നൽകിയത്.
സഹൽ ട്രാൻസ്ഫറിന്റെ ആദ്യ ഘട്ടത്തിൽ സഹലിന് നല്ല വില ലഭിച്ചാൽ വിൽക്കുമെന്ന്പറഞ്ഞ മാർക്കസ് ഹോർമിയെ വിറ്റാൽ അതിശയിക്കാനില്ല എന്ന് പറഞ്ഞത് ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. കൂടാതെ ഹോർമിയ്ക്ക് വേണ്ടി ചില ഐഎസ്എൽക്ലബ്ബുകൾ കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട് എന്നും മർക്കസ് കുറിച്ചത് ആശങ്ക വർധിപ്പിക്കുന്നു.
മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടലിനെ സ്വാപ് ഡീലിലൂടെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചതിന് പിന്നാലെ ഹോർമിയുടെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. കാരണം പ്രീതം വരുന്നതോട് കൂടി ഹോർമിയ്ക്ക് അവസരം ലഭിക്കാതാവുകയും താരം ക്ലബ് വിടുകയും ചെയ്യുമെന്ന ഭയമാണ് ആരാധകർക്കുള്ളത്.