മാനേജ്‌മെന്റിന്റെ ബലിയാടുകളാണ് പലപ്പോഴും പരിശീലകർ. ഇവിടെ മാത്രമല്ല, ലോകത്തെ പല വമ്പൻ ക്ലബ്ബുകളുടെയും ബലിയാടാക്കപ്പെടേണ്ടി വന്ന പരിശീലകർ നിരവധിയാണ്. മാനേജമെന്റിന്റെ ഇഷ്ട താരത്തെ കളിപ്പിക്കാത്തതിനെ തുടർന്ന് പുറത്താക്കപ്പെട്ട പരിശീലകരും ടീം കിരീടം നേടിയിട്ടും ഡിഫൻസീവ് ശൈലി കളിക്കുന്നതിനെ തുടർന്നും മാനേജ്‌മെന്റുകൾ പരിശീലകരെ പുറത്താക്കിയ ചരിത്രമുണ്ട്. പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യവും പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെയും കാര്യമാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ബിസിനസിന് ഊന്നൽ നൽകുന്ന മാനേജ്‌മെന്റാണ് എന്ന കാര്യം മനസിലാക്കാവുന്ന കാര്യമാണ്. അവരെ സംബന്ധിച്ച് സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ എത്തുകയും അത് വഴി പണം സ്വരൂപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ ആരാധകരെന്ന ഉപഭോക്താക്കളെ പിടിച്ച് നിർത്തി വീണ്ടും കുപ്പി സോഡയും ജീരകമുട്ടായിയും വിൽക്കേണ്ടതും മാനേജ്‌മെന്റിന്റെ ആവശ്യമാണ്.
ഇതിനോടകം കൊച്ചിയിൽ എത്തുന്ന ആരാധകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇനി അടുത്ത ഹോം മത്സരത്തിൽ ആരാധകരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത. ഇത്തരത്തിൽ ആരാധകർ ക്ലബിനോട് അകലം പാലിച്ചാൽ മാനേജമെന്റിന്റെ ബിസിനസ് പദ്ധതികളെല്ലാം തെറ്റും. ഇതിന് മാനേജ്‌മെന്റിന്റെ മുന്നിൽ മറ്റൊരു പദ്ധതി കൂടിയുണ്ട്.
ഇനിയും ബ്ലാസ്റ്റേഴ്സിന് നല്ല റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എങ്കിൽ അതിന്റെയൊക്കെ ഉത്തരവാദിത്വം മാനേജ്‌മെന്റ് പരിശീലകൻ സ്റ്റാറേയുടെ തലയിൽ കെട്ടിവെയ്ക്കും. സ്റ്റാറേയെ പ്രതിയാക്കുന്നതോടെ മാനേജമെന്റിന് കുറവുകൾ മറയ്ക്കാനും അത് സാധിക്കും. സ്റ്റാറേയുടെ തലയിൽ പൂർണ ഉത്തരവാദിത്വം നൽകി സ്റ്റാറേയെ പുറത്താക്കുന്നതോടെ വീണ്ടും വമ്പൻ ഹൈപ്പുമായി പുതിയ പരിശീലകനെ കൊണ്ട് വരും.
പുതിയ പരിശീലകനെ കുറച്ചൽപ്പം തള്ളിയാൽ പുതിയ പ്രതീക്ഷയുമായി ആരാധകർ വീണ്ടും സ്റ്റേഡിയത്തിൽ എത്തും . മോശം പ്രകടനം കാഴ്ച വെച്ച സ്റ്റാറേയെ പുറത്താക്കാനുള്ള ധൈര്യം കാണിച്ച മാനേജമെന്റ്റ് എന്ന വീരപരിവേശവും മാനേജമെന്റിന് ലഭിക്കും. അതിനാൽ ഇനിയുള്ള മല്സരങ്ങളിൽ മികച്ച റിസൾട്ട് കൊണ്ട് വന്നില്ലെങ്കിൽ മാനേജമെന്റ് തന്നെ സ്റ്റാറെയ്‌ക്കെതിരെ തിരിയും.