ശ്രീലങ്കയ്ക്കെതിരായ രണ്ട് ടി20 മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതോടെ സഞ്ജുവിന്റെ കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ സഞ്ജുവിന്റെ കരിയർ ഇതോടെ അവസാനിക്കുന്നില്ല. സഞ്ജുവിന് ഇനിയും ടി20 കുപ്പായത്തിൽ അവസരം ലഭിക്കുമെന്ന് തന്നെയാണ് റിപോർട്ടുകൾ. കൂടാതെ ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ സഞ്ജു ടീമിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാവാനുള്ള സാദ്ധ്യതകൾ തെളിയുകയാണ്.
സെപ്റ്റംബർ 19 നാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ടെസ്റ്റ്. രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ ആറിന് 3 ടി20 മത്സരങ്ങൾക്കുള്ള പരമ്പരക്ക് തുടക്കമാവും. ഈ പരമ്പരയിൽ സഞ്ജുവിന് ആദ്യ ഇലവനിൽ സീറ്റുറപ്പാണ്. അതിന് കാരണം രണ്ട് താരങ്ങളുടെ പരിക്കും ടീമിലെ മറ്റു സാഹചര്യങ്ങളുമാണ്.
നിലവിൽ ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് പരിക്കിന്റെ പിടിയിലാണ്. കൈയ്ക്ക് പരിക്കേറ്റ താരം ദുലീപ് ട്രോഫിയിൽ നിന്നും പിന്മാറിയിരുന്നു. സൂര്യയ്ക്ക് ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ വിശ്രമം നൽകുമെന്നാണ് റിപ്പോർട്ട്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി സീറ്റുറപ്പിക്കാൻ ശ്രമിക്കുന്ന ഇഷാൻ കിഷനും പരിക്കിന്റെ പിടിയിലാണ്. അതിനാൽ താരവും ബംഗ്ലാദേശ് പരമ്പരയിൽ ഇടം നേടാൻ സാധ്യതയില്ല.
മറ്റൊരു വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനും ടി20യിൽ വിശ്രമം അനുവദിക്കാൻ സാധ്യതയേറെയാണ്. ടെസ്റ്റിൽ പന്ത് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി തിരിച്ചെത്തുമെന്നും അതിനാൽ താരത്തിന് ടി20യിൽ വിശ്രമം അനുവദിക്കുമെന്നുമാണ് ചില റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
സഞ്ജുവിന് ശേഷം മറ്റൊരു ടാലന്റ്; ഐപിഎൽ ടീമുകളുടെ നോട്ടപ്പുള്ളിയാവാൻ മലയാളി താരം
ഈ സാഹചര്യങ്ങൾ സഞ്ജുവിന് അനുകൂലമാണ്. സൂര്യയുടെയും ഇഷാന്റെയും പരിക്കും, പന്തിന്റെ അഭാവവും സഞ്ജുവിന് ബംഗ്ലാദേശിനെതിരായ ടി20 യിൽ ആദ്യ ഇലവനിൽ സ്ഥാനം നേടാൻ കാരണമാകുന്ന ഘടകമാണ്.