സീസണിലെ എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഇതുവരെയും ക്ലച്ച് പിടിക്കാത്ത അവസ്ഥയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മുന്നേറ്റവും മധ്യനിരയിലും കണ്ണൊപ്പിക്കാമെങ്കിലും പ്രതിരോധം തലവേദനയാണ്. ആർക്ക് വേണമെങ്കിലും വന്ന് ഗോളടിച്ച് പോകാം എന്ന അവസ്ഥയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം. പ്രതിരോധം മാത്രമല്ല, മറ്റൊരു ദുരന്ത സൈനിങ് കൂടി ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്..
മോശം ഫോമിന്റെ പേരിൽ താരങ്ങളും സ്റ്റാറേയും മാനേജ്‌മെന്റും വിമർശനം ഏറ്റുവാങ്ങുമ്പോൾ ഇതിനിടയിൽ നൈസായി മുങ്ങുന്ന ഒരാൾ കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് സ്റ്റാഫിൽ. ചരിത്രത്തിൽ ആദ്യമായി സെറ്റ്പീസുകൾക്ക് വേണ്ടി മാത്രം ബ്ലാസ്റ്റേഴ്‌സ് നിയമിച്ച പ്രത്യേക പരിശീലകനായ പോർച്ചുഗീസുകാരനായ ഫെഡറിക്കോ മോറൈസ്.
സെറ്റ് പീസുകൾക്ക് മാത്രമായി പരിശീലകനെ നിയോഗിച്ച സീസണായിട്ടും ആ വഴിക്കുള്ള ഗോളുകളുടെ വഴി പൂർണമായും അടഞ്ഞു. ഇതുവരെ 43 കോർണർ കിക്കുകളാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ഫ്രീകിക്കുകൾ വേറെയും.. എന്നാൽ ഇതിൽ നിന്നെല്ലാം കിട്ടിയ ഗോളുകളുടെ എണ്ണം പൂജ്യം.
അഡ്രിയാൻ ലൂണ, നോവ സദോയി, ജീസസ്, പെപ്ര തുടങ്ങീ സെറ്റ്പീസുകൾ എക്സിക്യൂട്ട് ചെയ്യാൻ കെൽപ്പുള്ള താരങ്ങൾ ഉണ്ടായിട്ടും ഇവർക്കനുകൂലമായ ഒരു സെറ്റ്പീസ് ടാക്റ്റിക്സ് ഉണ്ടാക്കാൻ മോറൈസിന് സാധിച്ചിട്ടില്ല.
അതിനാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മോശം സൈനിങ്ങായി മോറൈസിനെ പരാമർശിക്കാനാവും.