in

OMGOMG LOVELOVE

തകർപ്പൻ ഫോം തുടർന്ന് വെങ്കിടേഷ് അയ്യർ! ഹാർദിക് പാണ്ഡ്യക്ക് ശക്തനായ എതിരാളി!

വെങ്കിടേഷ് അയ്യർക്ക് ഇത് ഏറ്റവും മികച്ച സമയമാണ്. IPL ലെ അവസരങ്ങളും ഇന്റർനാഷണൽ അരങ്ങേറ്റവും ഒക്കെ ഗംഭീരമാക്കിയ വെങ്കിടേഷ് ഡൊമസ്റ്റികിൽ ഏറ്റവും മികച്ച ഫോമിലാണ്! മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടും നാല് മത്സരങ്ങളിൽ രണ്ടാം സെഞ്ചുറി ആണ് ഇന്ന് ചണ്ഡീഗഢിന് എതിരെ നേടിയത്! അതും ടീം സമ്മർദത്തിൽ ആയിരുന്ന ഘട്ടത്തില്‍. ഇതോടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കാൻ വെങ്കിടേഷ് അയ്യർക്ക് കഴിയും!

2021 IPL ന്റെ രണ്ടാം പകുതി ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച നിധി ആണ് വെങ്കിടേഷ് അയ്യർ. കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു ഡൊമസ്റ്റിക് ഓൾറൗണ്ടറിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലെ സംസാര വിഷയമായി മാറി വെങ്കിടേഷ്. IPL ലെ മികച്ച പ്രകടനങ്ങളും ഇന്റർനാഷണൽ അരങ്ങേറ്റവും കടന്ന് ഇപ്പോൾ വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലും മികച്ച പ്രകടനങ്ങൾ നടത്തുകയാണ് വെങ്കിടേഷ് അയ്യർ എന്ന ഈ ഇടംകയ്യൻ ബാറ്റർ!

ചണ്ഡീഗഢിന് എതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റായി എന്ന് തോന്നിക്കുന്ന പ്രകടനമാണ് മധ്യപ്രദേശ് ആദ്യ ഓവറുകളിൽ നടത്തിയത്. പത്തോവറിനുള്ളിൽ ആദ്യ മൂന്ന് ബാറ്റർമാരെയും നഷ്ടമായ മധ്യപ്രദേശ് 32/3 എന്ന നിലയിലേക്കും ശേഷം 56/4 എന്ന നിലയിലേക്കും വീണു. അവിടെ ആണ് ആറാമൻ ആയി എത്തിയ വെങ്കിടേഷ് അയ്യരും ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയും ഒന്നിച്ചത്. 122 റൺസിന്റെ കൂട്ടുകെട്ടിന് ശേഷം ശ്രീവാസ്തവ (70) പുറത്തായി.

ശേഷം പാർഥ് സഹാനിക്കൊപ്പം (25) എട്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടുകെട്ടും ചേർത്ത് വെങ്കിടേഷ് അയ്യർ 88 പന്തിൽ സെഞ്ച്വറിയും പിന്നീട് 110 പന്തുകളിൽ 150 സ്കോർ ചെയ്ത ശേഷം ആണ് പുറത്തായത്. 113 പന്തിൽ 10 സിക്സറുകളും എട്ട് ഫോറുകളും ഉൾപടെ 151 റൺസ് നേടിയ വെങ്കിടേഷ് അയ്യരുടെ മികവിൽ മധ്യപ്രദേശ് 331/9 എന്ന ശക്തമായ ടോടൽ ആണ് നേടിയത്.

IPL ൽ ഉൾപടെ ഓപണർ റോളിൽ തിളങ്ങിയ വെങ്കിടേഷ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരം ആവാം, നിലവിൽ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ഹാർദിക് പാണ്ഡ്യക്ക് ശക്തനായ ഒരു എതിരാളി എന്ന നിലക്ക് നോക്കി കാണുന്ന വെങ്കിടേഷിന് മധ്യനിരയിലേക്ക് മാറിയിട്ടും ഫോമിന് കോട്ടം ഒന്നും സംഭവിച്ചിട്ടില്ല. വിജയ് ഹസാരെയിൽ നാല് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഉൾപടെ 348 റൺസ് ആണ് നേടിയിരിക്കുന്നത്, അതും വളരെ മികച്ച സ്ട്രൈക്ക് റേറ്റിൽ!

ആദ്യ മത്സരത്തിൽ 47 ാം ഓവറിൽ ബാറ്റിങിന് എത്തിയ വെങ്കിടേഷ് 5 പന്തിൽ 14 റൺസ് ആണ് നേടിയത്. പിന്നീട് കേരളത്തിന് എതിരെ 84 പന്തിൽ 112 റൺസും മൂന്നമത്തെ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങി 49 പന്തിൽ 71 റൺസും നേടി. എന്തായാലും കൂട്ടത്തിൽ ഏറ്റവും മികച്ച ഇന്നിങ്സിന് അവസരം ലഭിച്ചത് ഇന്നാണ് – ഏറ്റവും സമ്മർദത്തിലായ സാഹചര്യത്തില്‍ ആറാമനായി ഇറങ്ങി ഒരു കൂറ്റൻ സെഞ്ച്വറി – ടൂർണമെന്റിൽ ഇത് വരെ മൂന്ന് ഇന്നിങ്സിൽ ആറ് വിക്കറ്റുകളും നേടിയിട്ടുള്ള വെങ്കിടേഷ് സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ച മട്ടാണ്.

യുവി @40, യുവിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം…

ക്രിസ്റ്റ്യാനോയും മെസ്സിയുമല്ല, നിലവിൽ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ലിവർപൂൾ താരം അലക്സാണ്ടർ അർനോൾഡ്